എംഎൽഎമാരിൽ എത്ര പേർ എംപിമാരാകും?
Tuesday, May 28, 2024 1:28 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് എംഎൽഎമാരിൽ എത്രപേർ എംപിമാരാകും? ആലത്തൂരിൽ മത്സരിച്ച മന്ത്രി കെ. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പു ഫലമെന്താകും? മന്ത്രിസഭയിൽ അഴിച്ചുപണി വേണ്ടിവരുമോ? എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാൻ ഇനി ഒരാഴ്ച മതിയാകും. അടുത്ത ചൊവ്വാഴ്ചയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂണ് നാലിന് ലോക്സഭാ തെരഞ്ഞെടുപ്പു ഫലമെത്തും.
വോട്ടെടുപ്പിനു ശേഷം 39 ദിവസമാണ് ഫലമറിയാനായി മലയാളി കാത്തിരിക്കേണ്ടി വരുന്നത്. ഏപ്രിൽ 26നായിരുന്നു കേരളത്തിന്റെ വിധിയെഴുത്ത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലായി ഒരു മന്ത്രിയും നാല് എംഎൽഎമാരുമായിരുന്നു മത്സരിച്ചത്. ഇതിൽ വടകര മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎമാർ തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഇവിടെ ആരു ജയിച്ചാലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഉറപ്പാണ്. മട്ടന്നൂരിന്റെ പ്രതിനിധിയായ കെ.കെ. ഷൈലജ ഇടതു മുന്നണിക്കായും പാലക്കാട് നിന്നുള്ള എംഎൽഎ ഷാഫി പറന്പിൽ യുഡിഎഫിനു വേണ്ടിയും കച്ചമുറുക്കിയിരുന്നു.
സംവരണ മണ്ഡലമായ ആലത്തൂരിലായിരുന്നു പട്ടിക ജാതി- വർഗ ക്ഷേമ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാർഥിയായി പോരിനിറങ്ങിയത്. ചേലക്കരയിൽ നിന്നുള്ള നിയമസഭാംഗമാണ് രാധാകൃഷ്ണൻ. സിറ്റിംഗ് എംപിയായ രമ്യ ഹരിദാസായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിനായി വർക്കലയിൽ നിന്നുള്ള നിയമസഭാംഗം വി. ജോയിയാണ് യുഡിഎഫിന്റെ സിറ്റിംഗ് എംപിയായ അടൂർ പ്രകാശിനെ നേരിട്ടത്. കേന്ദ്രമന്ത്രിയായ വി. മുരളീധരനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥി.
കൊല്ലത്തിന്റെ എംഎൽഎയായ നടൻ എം. മുകേഷാണ് കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ഇടതു സ്ഥാനാർഥിയായി ജനവിധി തേടിയത്. സിറ്റിംഗ് എംപിയായ ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രനായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറായിരുന്നു കേരളത്തിൽ മത്സര രംഗത്തുണ്ടായിരുന്ന മറ്റൊരു കേന്ദ്രമന്ത്രി. സിറ്റിംഗ് എംപിയായ ശശി തരൂർ യുഡിഎഫിനു വേണ്ടിയും മുൻ എംപിയായ പന്ന്യൻ രവീന്ദ്രൻ എൽഡിഎഫിനായും തിരുവനന്തപുരത്തെ ത്രികോണ പോരിനു വീര്യം കൂട്ടി.
നിലവിലെ ലോക്സഭാംഗങ്ങളിൽ 17 പേരെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. തൃശൂരിന്റെ പ്രതിനിധിയായ ടി.എൻ. പ്രതാപൻ മത്സര രംഗത്തു നിന്ന് സ്വയം ഒഴിവായപ്പോൾ, വടകരയുടെ എംപിയായ കെ. മുരളീധരൻ തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി എത്തി.
നടനും മുൻ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായും മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഇടതു മുന്നണിക്കു വേണ്ടിയും തൃശൂരിലെ ത്രികോണ പോരിന് തേരു തെളിച്ചു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗവും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മാറ്റുരച്ചു. സിറ്റിംഗ് എംപിയായ എ.എം. ആരിഫായിരുന്നു എൽഡിഎഫ് എതിരാളി.
എൽഡിഎഫിനു വേണ്ടി കോട്ടയത്ത് സിറ്റിംഗ് എംപിയായി തോമസ് ചാഴികാടനായിരുന്നു സ്ഥാനാർഥി. 2019ൽ യുഡിഎഫ് സ്ഥാനാർഥിയായാണ് ചാഴികാടൻ കോട്ടയത്തിന്റെ പ്രതിനിധിയായത്.
പിന്നീട് കേരള കോണ്ഗ്രസ്- എം ഇടതുമുന്നണിയുടെ ഭാഗമായതോടെയായിരുന്നു മാറ്റം. രാജ്യസഭാംഗമായ എളമരം കരീം കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥിയായി. സിറ്റിംഗ് എംപിയായ യുഡിഎഫിന്റെ എം.കെ. രാഘവനെയാണ് നേരിട്ടത്.