മദ്യനയവിവാദം: ടൂറിസം ഡയറക്ടർ അവധിയിൽ
Tuesday, May 28, 2024 1:28 AM IST
തിരുവനന്തപുരം: ബാറുടമകൾക്ക് അനുകൂലമായ മദ്യനയം മാറ്റത്തിനുള്ള ചർച്ചകൾക്കു പിന്നാലെ നീണ്ട അവധിയിൽ പ്രവേശിച്ച് ടൂറിസം ഡയറക്ടർ പി.ബി. നൂഹ്. ബാർ ഹോട്ടൽ ഉടമകളുടെ യോഗം വിളിച്ചുചേർക്കുന്നതിനു മുൻപേ ടൂറിസം ഡയറക്ടറായിരുന്ന പി.ബി. നൂഹ് മൂന്നു മാസത്തെ അവധിയിൽ പ്രവേശിച്ചു.
ബാർ ഇടപാടുകളിൽ ബലിയാടാകാതിരിക്കാൻ മുൻകൂട്ടി കണ്ടാണ് ഇദ്ദേഹം നീണ്ട അവധിയിലേക്കു പോയതെന്നാണ് ഉദ്യോഗസ്ഥർക്കിടയിലെ സംസാരം. അവധി ഏപ്രിൽ 29 മുതൽ ജൂലൈ 20 വരെ 83 ദിവസമാണ്.
മാർച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിമാരുടെ യോഗത്തിൽ, മദ്യവില്പനശാലകളുടെ ഒന്നാം തീയതിയിലെ അവധി റദ്ദാക്കുന്നതു സംബന്ധിച്ച് ടൂറിസം വകുപ്പിനോടു വിശദമായ കുറിപ്പു തയാറാക്കാൻ നിർദേശിച്ചിരുന്നു.
ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ബാർ ഹോട്ടൽ ഉടമകളുടെ യോഗം വിളിക്കാൻ നിർദേശിച്ചത്. ഇതിനു പിന്നാലെയാണ് ടൂറിസം ഡയറക്ടർ അവധി അപേക്ഷ നൽകിയത്. എന്നാൽ, അമ്മയുടെ ചികിത്സയുടെ ഭാഗമായാണ് പി.ബി. നൂഹ് അവധിയിൽ പ്രവേശിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
മറ്റൊരു വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് മദ്യനയത്തിലെ മാറ്റം വിനോദസഞ്ചാര വകുപ്പിൽനിന്നു തുടങ്ങാൻ നിർദേശിച്ചതും ജൂനിയർ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയതെന്നുമാണു സൂചന.
നൂഹ് അവധിയിൽ പോയതിനെത്തുടർന്ന് കെടിഡിസി മാനേജിംഗ് ഡയറക്ടറും ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്ക് മാത്രമുള്ള ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥയുമായ ശിഖാ സുരേന്ദ്രന് ടൂറിസം ഡയറക്ടറുടെ ചുമതല നൽകി. ഇവരാണ് മേയ് 21നു യോഗം വിളിച്ചത്.
ബാർ ഹോട്ടൽ ഉടമകളുടെ മാത്രമല്ല, ടൂറിസവുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലുള്ളവരുടെ യോഗവും വിളിച്ചെന്നും മന്ത്രിയുടെ നിർദേശപ്രകാരമല്ല യോഗം വിളിച്ചതെന്നും വ്യക്തമാക്കി ഇവർ ഞായറാഴ്ച പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
എന്നാൽ, മന്ത്രിക്കു പങ്കില്ലെന്നു വ്യക്തമാക്കിയ ടൂറിസം ഡയറക്ടറുടെ പത്രക്കുറിപ്പ് മന്ത്രിയുടെ ഓഫീസിൽനിന്നു തന്നെയാണ് തയാറാക്കി വിതരണം ചെയ്തതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയതോടെ ഇതും വിവാദത്തിലായി.
മദ്യനയത്തിൽ മാത്രമല്ല, കാരവാൻ ടൂറിസം അടക്കമുള്ള പദ്ധതികളിൽ മന്ത്രി മുഹമ്മദ് റിയാസുമായി, ഡയറക്ടറായിരുന്ന പി.ബി. നൂഹിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും പറയപ്പെടുന്നു.