പോലീസിനു തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥ: വി.ഡി. സതീശന്
Wednesday, May 29, 2024 1:44 AM IST
കോഴിക്കോട്: കുപ്രസിദ്ധ ഗുണ്ട നടത്തിയ ഡിന്നറില്‍ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്ത സാഹചര്യത്തില്‍ കേരള പോലീസിനു തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ഇതിനേക്കാള്‍ വലിയ നാണക്കേട് കേരള പോലീസിനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മൂന്നു വര്‍ഷമായി കേരളത്തിലെ പോലീസിനെക്കുറിച്ച് പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമ പ്രവര്ത്തകരോടുപറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ബാര്‍ ഉടമകള്‍ കോഴ പിരിക്കാനെടുത്ത തീരുമാനം എങ്ങനെ പുറത്തുപോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായപ്പോഴും അതിനെക്കുറിച്ചല്ല പോലീസ് അന്വേഷിച്ചത്.
വാര്‍ത്ത പുറത്തുവന്നത് എങ്ങനെയെന്നു കണ്ടെത്താന്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ പ്രതിയാക്കിയാണ് കേസെടുത്തത്. സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചപ്പോഴും അവര്‍ക്കെതിരേയാണ് അന്വേഷണം നടത്തിയത്.
അല്ലാതെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ചല്ല. കേരളത്തിലെ പോലീസിനെ നാണംകെട്ട നിലയിലേക്കു മാറ്റി. മുഖ്യമന്ത്രി നിസംഗനായി നില്‍ക്കുകയും അധികാരം ഓഫീസിലെ ഉപജാപകസംഘം തട്ടിയെടുക്കുകയും ചെയ്തു. എല്ലായിടത്തും പാര്‍ട്ടിയാണു ഭരിക്കുന്നത്.
ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നു സതീശന് പറഞ്ഞു. എന്നിട്ടും മന്ത്രിക്ക് ഒരു മറുപടിയും പറയാനില്ല. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണു ടൂറിസം മന്ത്രി പറഞ്ഞത്.
അബ്കാരി നയമാറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വകുപ്പ് നടത്തിയ യോഗത്തിന്റെ വിവരങ്ങളും രേഖകളും പ്രതിപക്ഷം ഹാജരാക്കിയിട്ടും മന്ത്രിക്ക് മറുപടി പറായാനില്ല. സ്വന്തം വകുപ്പില്‍ നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെന്നു പറയുന്നത് അതിനേക്കാള്‍ വലിയ നാണക്കേടാണ്. ടൂറിസം സെക്രട്ടറിയും ടൂറിസം ഡയറക്ടറുമാണു ബാര്‍ ഉടമകളുടെ യോഗം വിളിച്ചത്. അബ്കാരി പോളിസി റിവ്യൂ ചെയ്യാന്‍ ടൂറിസം വകുപ്പിന് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.