പ്ലസ് വണ്‍ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Thursday, May 30, 2024 12:48 AM IST
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala. gov.in എന്ന വെബ്സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൽട്ട് പരിശോധിക്കാം.
ട്രയൽ റിസൽട്ട് പരിശോധിക്കുന്നതിനു വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്ക്കുകളിൽനിന്നു തേടാവുന്നതാണ്.
ജൂണ്‍ അഞ്ചിനു പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ്. അതുകൊണ്ടുതന്നെ ട്രയൽ റിസൽട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്മെന്റ് ഉപയോഗിച്ച് ഒരു സ്കൂളിലും പ്രവേശനം നേടാനാകില്ല . എന്നാൽ, അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ഈ ട്രയൽ അലോട്ട്മെന്റ്. കൂടാതെ ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തേ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള തിരുത്തലുകൾക്ക് 31ന് വൈകുന്നേരം അഞ്ചുവരെയാണു സമയം ക്രമീകരിച്ചിട്ടുള്ളത്.