ഏകീകൃത കുർബാന: അനുസരിക്കാത്തവർ ജൂലൈ നാലു മുതൽ സഭയ്ക്കു പുറത്ത്
Tuesday, June 11, 2024 2:17 AM IST
കൊച്ചി: സീറോമലബാർ സഭയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിൽനിന്നു പുറത്തുപോയതായി കണക്കാക്കപ്പെടുമെന്ന് സഭാ നേതൃത്വം സർക്കുലറിലൂടെ അറിയിച്ചു.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജൂലൈ മൂന്നു മുതൽ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അന്തിമമായി ആവശ്യപ്പെടുന്നുവെന്നു. ഈ അന്തിമ നിർദേശം അനുസരിക്കാതെ ജൂലൈ മൂന്നിനുശേഷവും ഏകീകൃത രീതിയിൽനിന്നു വ്യത്യസ്തമായി വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികർക്ക് ജൂലൈ നാലു മുതൽ കത്തോലിക്കാ സഭയിൽ പൗരോഹിത്യ ശുശ്രൂഷ നിർവഹിക്കുന്നതിൽനിന്ന് ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേർപ്പെടുത്തുന്നതാണ്. തീരുമാനം സീറോമലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികർക്കും ബാധകമായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.