ഫാ. ആര്‍മണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ഇന്ന്
Saturday, July 13, 2024 12:57 AM IST
പാലാ: പുണ്യശ്ലോകന്‍ ഫാ. ആര്‍മണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കണ്ണൂർ ജില്ലയിലെ ഇരിട്ടി പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തിൽ തലശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ദൈവദാസ പദവി പ്രഖ്യാപനം നടത്തും. കേരള കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആരംഭകരില്‍ പ്രധാനിയും ഭരണങ്ങാനം അസീസി, ഇരിട്ടി വിമലഗിരി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനുമാണ് കപ്പൂച്ചിൻ സഭാംഗമായ ഫാ. ആര്‍മണ്ട് മാധവത്ത്.
പാലാ രൂപതയിലെ മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമലയില്‍ മണിയമ്പ്രാ കുടുംബത്തിലെ മാധവത്ത് ശാഖയില്‍ ഫ്രഞ്ചിയുടെയും കുടക്കച്ചിറ കീരമ്പനാല്‍ റോസമ്മയുടെയും എട്ടു മക്കളില്‍ മൂന്നാമനായി 1930 നവംബര്‍ 25നാണ് ഫാ. ആര്‍മണ്ട് ജനിച്ചത്. 1949ല്‍ വയനാട് നടവയലിലേക്ക് ഫാ. ആര്‍മണ്ടിന്റെ കുടുംബം കുടിയേറി.
1947 ജൂണില്‍ വൈദിക പഠനത്തിനായി അജ്മീര്‍ കപ്പൂച്ചിന്‍ സെമിനാരിയില്‍ ചേര്‍ന്നു. അജ്മീറിലും ഗോവയിലുമുള്ള പഠനശേഷം 1954 മേയ് 13ന് സഭാവസ്ത്രം സ്വീകരിച്ചു. 1996 ജൂണില്‍ ഇരിട്ടി പട്ടാരത്ത് ധ്യാനകേന്ദ്രം സ്ഥാപിക്കാനായി പുറപ്പെടുംവരെയുള്ള നീണ്ട 25 വര്‍ഷം ഭരണങ്ങാനം അസീസിയായിരുന്നു കര്‍മമണ്ഡലം. അസീസി ധ്യാനമന്ദിരം ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും സേവനം ചെയ്തു.
1976 ല്‍ നടത്തിയ കേരളത്തിലെ ആദ്യ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കാനിടയായത് ഫാ. ആര്‍മണ്ടിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അരൂപിയിലുള്ള ജനനം അനുഭവിച്ചറിഞ്ഞ ഫാ. ആര്‍മണ്ടിന്റെ പിന്നീടുള്ള വാക്കും പ്രവൃത്തികളും അഭിഷേകം നിറഞ്ഞതും ഏവര്‍ക്കും ആത്മീയോത്കൃഷ്ടത്തിന് ഉപകരിക്കുന്നതുമായിരുന്നു.
മലയാളത്തിലെ ആദ്യ കരിസ്മാറ്റിക് ധ്യാനം 1976 സെപ്റ്റംബര്‍ 24 മുതല്‍ ഭരണങ്ങാനം അസീസിയില്‍ സംഘടിപ്പിച്ചു. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ വിജയത്തിനായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ദാരിദ്ര്യത്തിലും എളിമയിലും പ്രാര്‍ഥനയിലും പരിത്യാഗത്തിലും സാഹോദര്യത്തിലും സമഭാവനയിലും ജീവിച്ച ഫാ. ആര്‍മണ്ട് 2001 ജനുവരി 12ന് അന്തരിച്ചു.