വിഴിഞ്ഞം തുറമുഖം ഇന്ത്യക്ക് അഭിമാനകരം: മുഖ്യമന്ത്രി
Saturday, July 13, 2024 12:57 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഇന്ത്യക്ക് ആകെ അഭിമാനകരമായ പദ്ധതിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിന് നല്കിയ സ്വീകരണത്തിലായിരുന്നു മുഖ്യമന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം ഉയരുകയാണ്. കേരളത്തിനും ഇന്ത്യക്കും അഭിമാനകരമായ മുഹൂർത്തമാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്കു നങ്കൂരമിടാൻ കഴിയുന്ന നിലയിലേക്ക് വിഴിഞ്ഞം മാറുകയാണ്.
2028 ഓടുകൂടി വിഴിഞ്ഞം സന്പൂർണ തുറമുഖമായി മാറും. 10000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള സാധ്യത സൃഷ്ടിക്കുന്ന പദ്ധതിയാണിത്.
വിഴിഞ്ഞം, അന്താരാഷ്ട്ര തുറമുഖമായി ഉയർന്നുവരുന്പോൾ അത് നമ്മുടെ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം ഒന്നുകൂടി വർധിക്കും. അന്താരാഷ്ട്ര കപ്പൽ ചാലിന്റെ കേവലം 11 നോട്ടിക്കൽ മൈലിനുള്ളിൽ സ്ഥിതിചെയ്യുന്നതും പ്രകൃതിദത്തമായ 20 മീറ്റർ സ്വാഭാവിക ആഴമുള്ളതുമായ തുറമുഖമാണിത്.
മുഖ്യ കടൽപ്പാതയോട് ഇത്രമേൽ അടുത്തുനിൽക്കുന്ന മറ്റൊരു തുറമുഖം ഇന്ത്യയിലില്ല. ആദ്യഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10 ലക്ഷം ട്വന്റി ഫുട്ട് ഇക്വലന്റ് യൂണിറ്റ് കണ്ടെയ്നർ കൈകാര്യം ചെയ്യാൻ കഴിയുന്ന തുറമുഖമായി ഇതു മാറും.
അതിവേഗത്തിലാണ് പുലിമുട്ടിന്റെ നിർമാണം പൂർത്തിയാക്കിയത്. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 11 കിലോമീറ്റർ പ്രകൃതിസൗഹൃദ തുരങ്ക റെയിൽവേ പാത നിർമിക്കുന്നതിന് ഡിപിആർ സമർപ്പിക്കുകയും അതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
800 മീറ്റർ കണ്ടെയ്നർ ബെർത്തിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 400 മീറ്റർ പ്രവർത്തനസജ്ജമാണ്. സ്വീഡനിൽനിന്നു കൊണ്ടുവന്ന 31 അത്യാധുനിക റിമോട്ട് കണ്ട്രോൾഡ് ക്രെയിനുകൾ സ്ഥാപിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന് 8,867 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇതിൽ 5,595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ തുറമുഖമാണ്. 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചിട്ടുണ്ട്.
5,000ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്. തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നർ ബിസിനസിന്റെ കേന്ദ്രമായി കേരളം മാറും.
തുറമുഖത്തേക്ക് കപ്പലുകൾ എത്തിച്ചേരുന്നത് സംസ്ഥാനത്തിന്റെ നികുതിവരുമാനം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.