മീറ്റർ മാറ്റാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ ജീപ്പിടിച്ചുവീഴ്ത്തി
Sunday, July 14, 2024 12:51 AM IST
ചിറ്റാരിക്കാൽ: തകരാറിലായ കെഎസ്ഇബി മീറ്റർ മാറ്റി സ്ഥാപിക്കാനെത്തിയ താത്കാലിക ജീവനക്കാരനെ വീട്ടുടമയുടെ മകൻ ജീപ്പിടിച്ചുവീഴ്ത്തി ഇരുമ്പു വടികൊണ്ട് ആക്രമിച്ചു.
കെഎസ്ഇബി നല്ലോംപുഴ സെക്ഷനിലെ കരാർ തൊഴിലാളിയായ തയ്യേനി സ്വദേശി കെ.അരുൺകുമാറിനു നേരേയായിരുന്നു ആക്രമണം. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ അരുൺകുമാറിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറ്റാംകവലയിലെ എം.ജെ ജോസഫിന്റെ വീട്ടിലെ മീറ്റർ മാറ്റി സ്ഥാപിക്കാനാണ് അരുൺകുമാർ മറ്റൊരു ജീവനക്കാരനായ അനീഷിനൊപ്പം എത്തിയത്. എന്നാൽ മീറ്ററിന് തകരാറൊന്നുമില്ലെന്നും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും വീട്ടുടമ പറഞ്ഞു. തുടർന്ന് അരുണും അനീഷും ഓഫീസിൽ വിളിച്ചുചോദിച്ചപ്പോൾ മീറ്റർ മാറ്റി സ്ഥാപിക്കണമെന്ന നിർദേശം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മീറ്റർ മാറ്റി സ്ഥാപിച്ചു മടങ്ങുമ്പോൾ വീട്ടുടമയുടെ മകൻ സന്തോഷ് ജീപ്പ് ഓടിച്ചുവന്ന് അരുണിനെ തട്ടിയിടുകയും വീണുകിടന്നപ്പോൾ ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിക്കുകയും ചെയ്തതായി കെഎസ്ഇബി ജീവനക്കാർ ചിറ്റാരിക്കാൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പിന്നീട് അരുണും അനീഷും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സന്തോഷ് ജോസഫിന്റെ പേരിൽ പോലീസ് കേസെടുത്തു.