തെക്കൻ മലയോര കാർഷിക കുടിയേറ്റത്തിന്റെ നവതി ആഘോഷം 16ന്
Sunday, July 14, 2024 12:51 AM IST
അമ്പൂരി: മായം ഇടവകയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ആദ്യകാല കുടിയേറ്റ പ്രദേശമായ അമ്പൂരി, കള്ളിക്കാട്, മായം, പന്ത, കരിമംകുളം, എന്നീ പ്രദേശങ്ങളിലെ കുടിയേറ്റത്തിന്റെ നവതി ആഘോഷം 16ന് വൈകുന്നേരം നാലിന് മായം സെന്റ് മേരീസ് പള്ളിയങ്കണത്തിൽ നടക്കും.
കാർഷികവിപ്ലവത്തിന് തിരിതെളിച്ച പൂർവികരെ സ്മരിക്കാനും പഴയ കാലത്ത് നേരിട്ട കഷ്ടതകളെയും നേട്ടങ്ങളെയും വിലയിരുത്താനും നവതി ആഘോഷം വേദിയാകും. ആഘോഷത്തിനു മുന്നോടിയായി നാലിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് മായം ഇടവകയുടെ സ്വീകരണം നല്കും.
അമ്പൂരി ഫൊറോന വികാരി ഫാ. സോണി കരുവേലിൽ, തിരുവനന്തപുരം ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറമ്പിൽ, ഫാ. സോജൻ മഠത്തിൽ സിഎംഐ, ഫാ. കുര്യാക്കോസ് തെക്കേടത്ത് എന്നിവർ സഹകാർമികരാവും.
ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. റവ. ഡോ. സി. അമലാ ജോസ് എസ്എച്ച് മുഖ്യ പ്രഭാഷണം നടത്തും.