ഇടുക്കിയിലെ ഭൂ പ്രതിസന്ധി ; സെൻട്രൽ എംപവേർഡ് കമ്മിറ്റി ഉന്നതതല യോഗം വിളിച്ചു
Sunday, July 14, 2024 2:10 AM IST
കെ.എസ്. ഫ്രാൻസിസ്
കട്ടപ്പന: ഇടുക്കി ജില്ലയിലെ സിഎച്ച്ആർ (കാർഡമം ഹിൽ റിസർവ്, സംരക്ഷിത ഏല മല) സംരക്ഷിത വനമേഖലയാണെന്ന വാദം സംബന്ധിച്ച് നിജ സ്ഥിതി ചർചചെയ്യാൻ സെൻട്രൽ എംപവേർഡ് കമ്മിറ്റി യോഗം വിളിച്ചു.
വണ്‍ എർത്ത് വണ്‍ ലൈഫ് എന്ന സംഘടന 2005ൽ നൽകിയ റിട്ട് പെറ്റീഷനിൽ സുപ്രീം കോടതി നിയോഗിച്ചതാണ് എംപവേർഡ് കമ്മിറ്റിയെ. സുപ്രീം കോടതിയിൽ സെൻട്രൽ എംപവേർഡ് കമ്മിറ്റി നൽകിയ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സുപ്രീം കോടതി നിർദേശമനുസരിച്ച് അസോസിയേഷൻ സെൻട്രൽ എംപവേർഡ് കമ്മിറ്റിയിലും രേഖകൾ സമർപ്പിച്ച് അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
രാവിലെ 11ന് ന്യൂഡൽഹി ചാണയ്ക്കപുരി ചാണയ്ക്ക ഭവനിലെ സെൻട്രൽ എംപവേർഡ് കമ്മിറ്റി ഓഫീസിലാണ് യോഗം. കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. ഷൈൻ വർഗീസ്, പരിസ്ഥിതി - വനം മന്ത്രാലയം സെക്രട്ടറി, കേരള സർക്കാർ ചീഫ് സെക്രട്ടറി, കേരള റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കേരള ഫേറസ്റ്റ് ചീഫ് കണ്‍സർവേറ്റർ, ഇടുക്കി ജില്ലാ കളക്ടർ, ഇടുക്കി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സുപ്രീം കോടതി അമിക്കസ്ക്യൂറിമാർ, സിഇസി ( സെൻട്രൽ എംപവേർഡ് കമ്മിറ്റി) അംഗങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് മീറ്റിംഗിനു ക്ഷണിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ 2,15,720 ഏക്കർ സിഎച്ച്ആർ നിക്ഷിപ്ത വനഭൂമിയാണെന്നും ഇവിടെ നൽകിയിട്ടുള്ള പട്ടയങ്ങളും കുത്തകപ്പാട്ടങ്ങളും റദ്ദുചെയ്യണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
സെൻട്രൽ എംപവേർഡ് കമ്മിറ്റി നൽകിയ റപ്പോർട്ടിലും 2,15720 ഏക്കർ വനഭൂമിയാണെന്നാണ് പറഞ്ഞിരിക്കുന്നത്.
കേസിൽ കക്ഷി ചേർന്ന കാർഡമംഗ്രോവേഴ്സ് അസോസിയേഷൻ, വന വിസ്തൃതി സംബന്ധിച്ച രേഖ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ചില നിക്ഷിപ്ത കക്ഷികൾ സിഇസിയെ തെറ്റിദ്ധരിപ്പിച്ചാണ് റിപ്പോർട്ട് നൽകിപ്പിച്ചതെന്നും സുപ്രീം കോടതിയെയും സിഇസി യെയും ധരിപ്പിച്ചിരുന്നു.
രാജഭരണകാലത്ത് ഏലം കൃഷിക്കായി സ്ഥലം അനുവദിച്ചു നൽകിയപ്പോൾ 15,720 ഏക്കർ വനഭൂമിയെന്നു രേഖപ്പെടുത്തിയിരുന്നു. ഇതാണ് സർക്കാരിന്റെ പുരാവസ്തു ശേഖരത്തിലുമുള്ള ഗസറ്റ് രേഖകളിലുമുള്ളത്.
ഇത് കരിമണ്ണൂർ, കാരിക്കോട് വില്ലേജുകളിലുള്ള പ്രദേശങ്ങളാണെന്നും വനം വകുപ്പിന്റെ കോട്ടയം ഡിവിഷനു കീഴിലാണെന്നും സിഎച്ച്ആർ ദേവികുളം ഡിവിഷനിൽ പെട്ടതാണെന്നും കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ രേഖകൾ സഹിതം കോടതിയെയും സിഇസിയെയും ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 22ലെ യോഗം നടക്കുന്നത്.