കാറിനു മുകളിലേക്ക് മരം വീണ് യുവതി മരിച്ചു
Wednesday, July 17, 2024 1:19 AM IST
തിരുവനന്തപുരം: പേരൂർക്കട വഴയിലയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് യുവതി മരിച്ചു. തൊളിക്കോട് ആനപ്പെട്ടി പരപ്പാറ സ്വദേശി മോളി (42) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. മരം വീണതിനെത്തുടർന്ന് കാർ പൂർണമായും തകർന്നു. വഴയില ആറാംകല്ല് ജംഗ്ഷനിൽ ഭക്ഷണം കഴിക്കാനായി കാർ നിർത്തിയപ്പോഴാണ് മരം വീണത്.
തിരുവനന്തപുരത്തുനിന്നു പേരൂർക്കട ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. മരം മുറിച്ചു മാറ്റിയാണ് യുവതിയെ പുറത്തെടുത്തത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. രാത്രി 11 ഓടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനായത്.