പൂവരണി സ്വദേശിക്ക് വീടുനിർമാണത്തിന് ധനസഹായം
Thursday, July 18, 2024 1:55 AM IST
തിരുവനന്തപുരം: വീട് നിർമാണത്തിനായി സംഭരിച്ച സാധനങ്ങൾ ഉരുൾപൊട്ടലിലും ശക്തമായ മഴയിലും നഷ്ടമായതിനും നിലവിലെ സ്ഥലം വാസ യോഗ്യമല്ലാത്തതിനാൽ സ്ഥലം വാങ്ങുന്നതിനുമായി ആറു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നല്കാൻ മന്ത്രിസഭാ തീരുമാനം.
കോട്ടയം പൂവരണി സ്വദേശി സോബിച്ചൻ ഏബ്രഹാമിനാണ് ധനസഹായം നല്കാൻ തീരുമാനിച്ചത്. ഭൂമി ഉരുൾപൊട്ടൽ സാധ്യതാ പ്രദേശത്ത് ഉൾപ്പെട്ടിട്ടുള്ളതിനാലും പ്രസ്തുത സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുള്ളതിനാലും പ്രത്യേക കേസായി പരിഗണിച്ചാണ് ധനസഹായം.
തിരുവനന്തപുരം ചെങ്കൽ സ്വദേശി ആരോമൽ ബി. അനിലിന് തിരുവനന്തപുരത്ത് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ വാച്ച്മാൻ തസ്തികയിൽ നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആക്രമണത്തിന് ഇരയായി മരണമടയുന്ന പട്ടികജാതി, പട്ടികവർഗക്കാരുടെ ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലി നൽകുന്ന പദ്ധതി പ്രകാരമാണിത്. ആരോമലിന്റെ പിതാവ് അനിൽകുമാർ 2016 ഡിസംബർ 18ന് ഒരു കൂട്ടം ആളുകളുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
കൊല്ലം ചിതറ സ്വദേശി ബി. എ. അഖിലയ്ക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിൽ എൽ ഡി ക്ലർക്ക് തസ്തികയിൽ നിയമനം നൽകും. അഖിലയുടെ പിതാവ് അശോക് കുമാർ 2017 ഏപ്രിൽ 23ന് ആക്രമണത്തെ തുടർന്ന് മരിച്ചിരുന്നു.