കെ.കെ. ഹിരണ്യൻ അന്തരിച്ചു
Thursday, July 18, 2024 3:25 AM IST
തൃശൂർ: കവിയും എഴുത്തുകാരനും നിരൂപകനും അധ്യാപകനുമായ കെ.കെ. ഹിരണ്യൻ (70) അന്തരിച്ചു. മൃതദേഹം സാഹിത്യ അക്കാദമി ഹാളിൽ പൊതുദർശനത്തിനു വച്ചശേഷം വൈകുന്നേരം അമ്മാടത്തെ തറവാട്ടുവളപ്പിൽ സംസ്കരിച്ചു.
പാറളം അമ്മാടം പാർപ്പക്കടവ് കടവത്ത് ഉള്ളന്നൂർമന പരേതരായ കുഞ്ഞുണ്ണി നന്പൂതിരി-സരസ്വതി ദന്പതികളുടെ മകനാണ്. അന്തരിച്ച എഴുത്തുകാരി ഗീത ഹിരണ്യനാണു ഭാര്യ. മക്കൾ: ഉമ, അനന്തകൃഷ്ണൻ.
തൃശൂർ ഗവ. കോളജിൽ പ്രിൻസിപ്പലായിരിക്കേയാണ് സർവീസിൽനിന്ന് വിരമിച്ചത്. പട്ടാന്പി, കോഴിക്കോട്, മലപ്പുറം, കൊടുങ്ങല്ലൂർ, തൃശൂർ ഗവ. കോളജുകളിൽ അധ്യാപകനായിരുന്നു. 1969ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷു സപ്ലിമെന്റ് ആദ്യം ആരംഭിച്ചപ്പോൾ സ്കൂൾ വിദ്യാർഥിയായിരുന്ന ഹിരണ്യനു കവിതാമത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു.
കവിത ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവരുകയും ചെയ്തു. ഇതായിരുന്നു എഴുത്തിന്റെ തുടക്കം. കേരളവർമ കോളജ് പഠനകാലത്തു എസ്എഫ്ഐയുടെ ആദ്യത്തെ സ്റ്റുഡന്റ് എഡിറ്ററായിരുന്നു. പിന്നീട് പുരോഗമനകലാസാഹിത്യരംഗത്തും സജീവമായി.