അഞ്ചരക്കണ്ടിയിൽ കൂറ്റൻ മതിലിടിഞ്ഞു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Thursday, July 18, 2024 10:57 PM IST
കൂത്തുപറമ്പ്: കനത്ത മഴയിൽ അഞ്ചരക്കണ്ടിയില്‍ റോഡിലേക്കു കൂറ്റന്‍ ചെങ്കല്‍ മതില് ഇടിഞ്ഞുവീണു.
മദ്രസ കഴിഞ്ഞ് റോഡിലൂടെ നടന്നുപോയ വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വന്‍ദുരന്തം ഒഴിവാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ മതിലാണു തകർന്നത്.
സെക്കന്‍ഡിന്റെ വ്യത്യാസത്തിൽ ഒരു വിദ്യാര്‍ഥിനി റോഡ് മുറിച്ച് ഓടിരക്ഷപ്പെടുന്നതും ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ പിന്നോട്ട് മാറി രക്ഷപ്പെടുന്നതും അവര്‍ക്കുമുന്നില്‍ മതില് തകര്‍ന്നുവീഴുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.
ഒരു വിദ്യാര്‍ഥിനി മുന്നില്‍ നടന്ന് മതിലിനടുത്ത് എത്തിയപ്പോഴാണ് മതില് ഇടിഞ്ഞുവീഴുന്നത്. ശബ്ദം കേട്ട പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എതിര് ഭാഗത്തുനിന്നോ പിന്നിൽ നിന്നോ വാഹനം വരാതിരുന്നതും ഭാഗ്യമായി.
പിന്നാലെ വന്ന കുട്ടികള്‍ മതിലിന്റെ തൊട്ടടുത്തെത്തിയപ്പോഴാണ് തൊട്ടുമുന്നില്‍ മതില് വീഴുന്നത് കണ്ടത്. ഉടന്‍ മുന്നിലുള്ള കുട്ടി പിന്നില്‍ വരുന്ന കൊച്ചുകുട്ടികളുടെ നടത്തം തടഞ്ഞ് കൂട്ടത്തോടെ പിന്നോട്ടു മാറി രക്ഷപ്പെടുകയായിരുന്നു.