മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം; കേസ് ഡയറി ആവശ്യപ്പെട്ട് കോടതി
Wednesday, October 9, 2024 2:06 AM IST
കൊച്ചി: ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന് നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലെ പോലീസ് അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി. മന്ത്രിയുടെ പ്രയോഗങ്ങള്‍ ഭരണഘടനയോടുള്ള അനാദരവാണെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്വേഷണസംഘം അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെങ്ങനെയെന്നു വിശദീകരിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇതു ചോദ്യം ചെയ്തും സിബിഐ അന്വേഷണമാവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ഹര്‍ജിയില്‍ 23ന് വീണ്ടും വാദം കേള്‍ക്കും.
നാഷണല്‍ ഓണര്‍ ആക്ടിന്റെ 2003ലെ ഭേദഗതിപ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങള്‍ ഭരണഘടനയോടുള്ള അനാദരമായി സംശയിക്കാമെന്നു കോടതി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ശബ്ദപരിശോധന നടത്താതെയും ചില സാക്ഷിമൊഴികള്‍ തള്ളിയുമാണ് പോലീസ് നിഗമനത്തിലെത്തിയതെന്നും ഹര്ജിക്കാരന് ആരോപിച്ചു.
2022 ജൂലൈ മൂന്നിന് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പരിപാടിയില്‍ സജി ചെറിയാന് നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണു കേസെടുത്തത്.