വിനയന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
Tuesday, October 15, 2024 1:29 AM IST
കൊച്ചി: സംവിധായകന് ബി. ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതി അംഗമാക്കിയതിനെതിരേ സംവിധായകന് വിനയന് നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഉണ്ണികൃഷ്ണന് രാജിവച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
തൊഴില്‍ നിഷേധത്തിനെതിരേ താന്‍ നല്കിയ പരാതിയില്‍ കോംപറ്റീഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യയുടെ നടപടിക്ക് വിധേയനായയാളാണ് ഉണ്ണികൃഷ്ണൻ എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
കോംപറ്റീഷന്‍ ആക്ടിന്റെ മൂന്നാം വകുപ്പ് പ്രകാരം അമ്മ സംഘടനയും ഫെഫ്കയും പിഴയടച്ചിട്ടുണ്ട്. ഫെഫ്ക പ്രസിഡന്റ് സിബി മലയിലിന് 66,356 രൂപയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് 32,026 രൂപയും പിഴ വിധിച്ചിട്ടുണ്ട്.
സംഘടനയും വ്യക്തികളും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പിഴയൊടുക്കേണ്ടി വന്നതെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.