വിലങ്ങാട് ഉരുൾപൊട്ടൽ: വീണ്ടും കണക്കെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം
Tuesday, October 15, 2024 2:06 AM IST
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ സംബന്ധിച്ച നാശനഷ്ടങ്ങളുടെ കണക്ക് കൃത്യമായി ശേഖരിക്കാൻ ഉദ്യോഗസ്ഥർക്കു ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നിർദേശം.
വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനു വീഴ്ചയുണ്ടായെന്ന ആരോപണം ശരിവയ്ക്കുന്ന നടപടികളാണ്, ഉരുൾപൊട്ടൽ നടന്നു രണ്ടര മാസത്തിനു ശേഷം വീണ്ടും കണക്ക് ശേഖരിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നടപടികൾ വ്യക്തമാക്കുന്നത്.
നാശനഷ്ടങ്ങളിൽ ഉരുൾപൊട്ടൽ മൂലമുണ്ടായത്, പ്രളയം മൂലമുണ്ടായത് എന്ന് കൃത്യമായി തരം തിരിക്കണമെന്നാണ്, വിലങ്ങാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശം നൽകിയത്.
അതിനിടെ ഉരുൾപൊട്ടൽ മൂലമുള്ള മലവെള്ളപ്പാച്ചിലിൽ പ്രളയവും സംഭവിക്കുമെന്നിരിക്കേ, ഉരുൾപൊട്ടൽ മൂലം, പ്രളയം മൂലം എന്നിങ്ങനെ തരംതിരിക്കാൻ നിർദേശം നൽകിയതിൽ ദുരൂഹതയുണ്ടെന്നു ദുരിതബാധിതർ ചൂണ്ടിക്കാട്ടുന്നു.
തരംതിരിച്ച് നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമാകുന്നതിന് അനുസരിച്ചാണ് സർക്കാർ തലത്തിൽ പിന്തുണ ലഭ്യമാകുകയെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. കൃഷി നശിച്ചവരിൽ എത്ര പേർക്കു കൃഷിനാശമുണ്ടായി, എത്ര പേർക്ക് കൃഷിയോഗ്യമായ ഭൂമി നശിച്ചു എന്ന കണക്കും തരംതിരിച്ച് നൽകണം.
കൃഷി നശിച്ചവരിലും കൃഷിഭൂമി നശിച്ചവരിലും എത്രപേർ ഇതുസംബന്ധിച്ച് പോർട്ടലിൽ അപേക്ഷ സമർപ്പിച്ചു എന്നതിനെക്കുറിച്ചും കൃത്യമായ കണക്ക് ലഭ്യമാക്കണം. കാർഷിക പുനരധിവാസ പാക്കേജിനായി പദ്ധതി ഉണ്ടാക്കണം. കന്നുകാലികളെ നഷ്ടപ്പെട്ടവരിൽ കാലി വളർത്തൽ മുഖ്യതൊഴിലായി സ്വീകരിച്ചവരുടെ എണ്ണവും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
വിലങ്ങാട് ദുരിതബാധിതർക്കു സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽനിന്ന് അനുവദിച്ച പണം വിതരണം ചെയ്തുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നു പണം അനുവദിക്കാനുള്ള ഉത്തരവ് ഇറങ്ങിക്കഴിഞ്ഞതായും രണ്ടു ദിവസത്തിനുള്ളിൽ തന്നെ ബന്ധപ്പെട്ടവർക്ക് ലഭ്യമാക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു. വാടകയ്ക്ക് കഴിയുന്ന കുടുംബങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അവരുടെ നിലവിലെ സ്ഥിതി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.
ചില വാടകവീടുകളുടെ ഉടമസ്ഥർ താമസക്കാരോട് ഒഴിഞ്ഞുപോകാൻ പറഞ്ഞതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു. ദുരന്തം ബാധിച്ചവരിൽ അർഹരായവർക്ക് സൗജന്യ റേഷൻ വിതരണം തുടരുന്ന കാര്യം പരിശോധിക്കണമെന്നും ജില്ലാ സിവിൽ സപ്ലൈ ഓഫീസർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.
നാശം നേരിട്ട പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വാസയോഗ്യമായ മറ്റു വീട് ഉണ്ട് എന്ന കാര്യം ചൂണ്ടിക്കാട്ടി അവർ നഷ്ടം സംഭവിച്ചവരുടെ പട്ടികയിൽനിന്ന് ഒഴിവായിപ്പോയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണം.
വായ്പകൾക്കു ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത് പ്രാവർത്തികമാകുന്നില്ലേയെന്നു പരിശോധിക്കണം. ദുരന്തത്തിൽ നശിച്ച പ്രധാന റോഡുകൾക്കു പുറമേ ചെറു റോഡുകളുടെ പുനർനിർമാണ കാര്യവും ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി ഓർമിപ്പിച്ചു.
വിലങ്ങാട് ഉൾപ്പെടുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ സെക്രട്ടറി ഇല്ലാത്ത വിഷയം ഗൗരവതരമാണെന്നു ചീഫ് സെക്രട്ടറി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സന്ദർഭത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞു കിടക്കാൻ പാടില്ലായിരുന്നു. ഇക്കാര്യം ഉടനടി പരിശോധിച്ച് വേണ്ടതു ചെയ്യാമെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി.