ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് മൂന്നരക്കോടി തട്ടി; എഎസ്ഐ അറസ്റ്റിൽ
Sunday, February 16, 2025 2:06 AM IST
കൊടുങ്ങല്ലൂർ: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിൽനിന്നു മൂന്നരക്കോടി രൂപ തട്ടിയ സംഭവത്തിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റഡിയിലെടുത്തു.
എഎസ്ഐ ഷെഫീർ ബാബുവിനെയാണ് ഇരിങ്ങാലക്കുടയിലെ ക്വാർട്ടേഴ്സിൽനിന്നു കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.
ദക്ഷിണ കന്നഡയിലെ പൊളംദൂരിൽ ബീഡിവ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി കൊള്ളയടിച്ചെന്ന കേസിലാണ് പ്രതികൾ അറസ്റ്റിലായത്. എസ്ഐ ഒഴികെയുള്ള പ്രതികൾ കാസർഗോഡ് സ്വദേശികളാണെന്നാണു സൂചന.
ശൃംഗാരി ബീഡിവ്യവസായി സുലൈമാൻ ഹാജിയുടെ വീട്ടിലാണ് വെള്ളിയാഴ്ച ആറംഗസംഘം വ്യാജ ഇഡി റെയ്ഡ് നടത്തിയത്. ഇവർ മടങ്ങിയശേഷം വ്യാജന്മാരാണെന്നു തിരിച്ചറിഞ്ഞതോടെ സുലൈമാൻ ഹാജി കർണാടക പോലീസിൽ പരാതി നൽകി. തുടർന്നു നടന്ന അന്വേഷണത്തിലാണ് കർണാടക പോലീസ് ഷെഫീർ ബാബു ഉൾപ്പെടെയുള്ളവരെ പിടികൂടിയത്.
ഷെഫീറിനെയും സംഘത്തെയും കൂടുതൽ അന്വേഷണത്തിനായി കർണാടകയിലേക്ക് കൊണ്ടുപോയി.