കടൽക്കൊള്ളക്കാർ ബന്ദിയാക്കിയ രണ്ടാമത്തെ മലയാളി ലക്ഷദ്വീപ് സ്വദേശി
Thursday, March 27, 2025 2:49 AM IST
ബേക്കൽ: പടിഞ്ഞാറൻ ആഫ്രിക്കയിലെ ടോഗോയ്ക്കും കാമറൂണിനും ഇടയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽവച്ച് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാരിൽ രണ്ടാമത്തെ മലയാളി ലക്ഷദ്വീപ് സ്വദേശി.
മിനിക്കോയിയിൽനിന്നുള്ള ആസിഫ് അലിയാണ് കടൽക്കൊള്ളക്കാരുടെ പിടിയിൽ അകപ്പെട്ടത്. കപ്പലിലെ ചീഫ് കുക്കായിരുന്ന ബേക്കൽ പനയാൽ സ്വദേശി രജീന്ദ്രൻ ഭാർഗവൻ (35) കൊള്ളക്കാരുടെ പിടിയിലകപ്പെട്ടതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു.
തമിഴ്നാട് സ്വദേശികളായ പ്രദീപ് മുരുകൻ, സതീഷ് കുമാർ സെൽവരാജ്, മഹാരാഷ്ട്ര സ്വദേശികളായ സമീൻ ജാവിദ്, റിഹാൻ ഷബീർ സോൾക്കർ, ബിഹാർ സ്വദേശി സന്ദീപ് കുമാർ സിംഗ് എന്നിവരാണ് കൊള്ളക്കാരുടെ തടവിലായ മറ്റ് ഇന്ത്യക്കാർ. മറ്റു മൂന്നുപേർ കിഴക്കൻ യൂറോപ്യൻ രാജ്യമായ റുമേനിയയിൽ നിന്നുള്ളവരാണ്.
ബന്ദികളാക്കപ്പെട്ടവർ സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ഇവർ യഥാർഥത്തിൽ എവിടെയാണ്, കടൽക്കൊള്ളക്കാരുടെ ആവശ്യങ്ങൾ എന്താണ്, അവരുമായി ചർച്ചകൾ നടക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല.
പനാമ രജിസ്ട്രേഷനുള്ള ബിറ്റു റിവർ എന്ന കപ്പലാണു കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. 10 ജീവനക്കാരെ ബന്ദികളാക്കിയ ശേഷം കപ്പൽ വിട്ടുകൊടുത്തതായാണ് വിവരം. അവശേഷിച്ച ജീവനക്കാരുമായി കപ്പൽ സംഭവസ്ഥലത്തിന് സമീപംതന്നെ നങ്കൂരമിട്ടിരിക്കുകയാണ്. മുംബൈ ആസ്ഥാനമായ മാരിടെക് ടാങ്കർ മാനേജ്മെന്റ് കമ്പനിയുടെ ചരക്കാണ് കപ്പലിലുള്ളത്.
കടൽക്കൊള്ളക്കാരുടെ ഭീഷണിയുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും കപ്പലിൽ ഉണ്ടായിരുന്നില്ലെന്നു കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.
ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരം, സോമാലിയ, മലാക്ക കടലിടുക്ക് തുടങ്ങിയ ഭാഗങ്ങളിലൂടെ യാത്രചെയ്യുമ്പോൾ കപ്പലിന്റെ അപ്പർ ഡെക്കിൽ മുള്ളുവേലി കെട്ടുക, ചുറ്റുപാടും നിരീക്ഷണം നടത്തുക, ജലം ചീറ്റുക തുടങ്ങിയ സുരക്ഷാ നടപടികൾ കൈക്കൊള്ളണമെന്നാണ് അന്താരാഷ്ട്ര കപ്പൽ ഗതാഗത ഏജൻസികളുടെ നിർദേശം.
ഇതൊന്നും കൃത്യമായി പാലിക്കാതിരുന്നതാണ് കൊള്ളക്കാർ കപ്പലിൽ കയറാൻ വഴിയൊരുക്കിയത്.