ഫോട്ടോ എടുത്ത് പെറ്റിയടിക്കേണ്ടെന്ന് ട്രാൻ. കമ്മീഷണർ
Thursday, April 17, 2025 2:09 AM IST
റെനീഷ് മാത്യു
കണ്ണൂർ: രേഖകൾക്കായി വാഹനം തടഞ്ഞു നിർത്തി പരിശോധിക്കാതെ വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പിഴ ഈടാക്കുന്ന നടപടികൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അവസാനിപ്പിക്കണമെന്ന കർശന നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ.
സമീപകാലത്തായി ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത് വാഹനത്തിനു പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ല, ഡ്രൈവിംഗ് ലൈസൻസ് ഇല്ല, ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ കേസെടുക്കുന്നതു വർധിച്ചുവരുന്നുണ്ട്.
ഇങ്ങനെ കേസെടുക്കുവാൻ മോട്ടോർ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ വകുപ്പില്ല. അതിനാൽ, വാഹനം തടഞ്ഞുനിർത്തി രേഖകൾ പരിശോധിച്ചതിനു ശേഷം മാത്രമേ കേസെടുക്കാവൂ എന്നാണു പുതിയ ഉത്തരവ്.
സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, ഹെൽമറ്റ് ധരിക്കാതിരിക്കുക, വാഹനരൂപ മാറ്റം, നന്പർ പ്ലേറ്റ് എന്നിവ മാത്രമാണു ഫോട്ടോയെടുത്തു പിഴ ഈടാക്കാവുന്നതായി മോട്ടോർ വാഹന ചട്ടത്തിൽ അനുശാസിക്കുന്നത്.
ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് ഉദ്യോഗസ്ഥർ കേസെടുക്കുന്നതു നിയമവിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു. ഇങ്ങനെ, കേസെടുത്താൽ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയെടുക്കാനും ശിപാർശയുണ്ട്.
വാഹനം നിർത്തി പരിശോധിക്കുന്പോൾ പുക സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നിലവിൽ 200 രൂപയാണു പിഴ ഈടാക്കേണ്ടത്. എന്നാൽ, ഫോട്ടോയെടുത്ത് പുക സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഓൺലൈനിൽ പിഴ വന്നാൽ 2,000 രൂപയാണ് ഈടാക്കുന്നത്.
വാഹനം പരിധിയിൽ കൂടുതൽ പുക തള്ളുന്നു എന്ന വകുപ്പും ചേർത്താണ് 2,000 രൂപ പിഴ ഈടാക്കുന്നത്. ടാക്സി വാഹനങ്ങളുടെ ലഗേജ് കാരിയറുകൾക്കെതിരേ പിഴ ചുമത്താൻ പാടില്ലെന്നും നിർദേശമുണ്ട്. വാഹനങ്ങളും റൂഫ് ലഗേജ് കാരിയർ അനധികൃത ആൾട്ടറേഷനായി പരിഗണിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.