116 ലോക്സഭാ മണ്ഡലങ്ങൾ ഇന്നു വിധിയെഴുതും
Tuesday, April 23, 2019 12:28 AM IST
ന്യൂഡൽഹി: കേരളമുൾപ്പെടെ 14 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 116 ലോക്സഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ഇന്നു ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. ഏപ്രിൽ 18നു നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഇന്നാണു നടക്കുക.
ആദ്യ രണ്ടു ഘട്ടങ്ങളിലായി 187 ലോക്സഭാ സീറ്റുകളിലെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ 303 ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകും. ഈ ഘട്ടത്തോടെ തെക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകും. ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 66 എണ്ണം 2014ൽ ബിജെപിയും സഖ്യകക്ഷികളും വിജയിച്ചിരുന്നു. 27 സീറ്റുകളിലാണു കോൺഗ്രസും സഖ്യകക്ഷികളും വിജയിച്ചത്.