സുഷമയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം
Thursday, August 8, 2019 12:41 AM IST
ന്യൂഡൽഹി: ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തിൽ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. സുഷമ സ്വരാജിന്റെ നിര്യാണം ഞെട്ടലോടെയാണ് കേട്ടതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവും പ്രതിഭാധനയായ പ്രാസംഗികയും നല്ല പാർലമെന്റംഗവുമായിരുന്നു സുഷമയെന്നും പാർട്ടിക്കു പുറത്തും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളായിരുന്നെന്നും രാഹുൽ അനുസ്മരിച്ചു. അവർക്ക് നിത്യശാന്തി നേരുന്നതായും രാഹുൽ കുറിച്ചു.
മികച്ച വാഗ്മി, മികച്ച പാർലമെന്റേറിയൻ, അനിതരസാധാരണമായ സ്ത്രീയുമായിരുന്നു സുഷമ സ്വരാജെന്ന് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി അനുസ്മരിച്ചു. സുഷമ സ്വരാജിന്റെ ഭർത്താവ് സ്വരാജ് കൗശലിനു നൽകിയ അനുശോചന സന്ദേശത്തിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭയിലും പുറത്തും ഒന്നിച്ചു പ്രവർത്തിച്ചതിലൂടെ നല്ല വ്യക്തിബന്ധമാണ് ഉണ്ടായിരുന്നതെന്നു പറഞ്ഞ സോണിയ, അവർ പ്രവർത്തിച്ച മേഖലയിലും പദവികളിലും സ്ഥൈര്യം, ദൃഢനിശ്ചയം, അർപ്പണബോധം, കഴിവ് എന്നിവ പ്രകടമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. സുഷമയുടെ വസതിയിലെത്തി രാഹുലും സോണിയയും അന്ത്യാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.