കാർഷിക വായ്പയ്ക്ക് മോറട്ടോറിയം ഡിസം. 31 വരെ നീട്ടണമെന്നു രാഹുൽ
Thursday, August 15, 2019 12:00 AM IST
ന്യൂഡൽഹി: കേരളത്തിൽ നിരവധിപ്പേരുടെ മരണത്തിനും വൻകൃഷിനാശത്തിനും കാരണമായ പേമാരിയുടെയും ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും അടിസ്ഥാനത്തിൽ കാർഷിക വായ്പകൾക്കുള്ള മോറട്ടോറിയം ഡിസംബർ 31 വരെയെങ്കിലും നീട്ടണമെന്ന് കോണ്ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.
നിസഹയരായ കർഷകർ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവങ്ങൾ കണക്കിലെടുത്ത് അടിയന്തര നടപടിയെടുക്കണമെന്ന് റിസർവ് ബാങ്ക് ഗവണർ ശക്തികാന്ത ദാസിന് അയച്ച കത്തിൽ രാഹുൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ കത്തിൽ നിന്ന്: ഏകദേശം ഒരു വർഷം മുന്പാണ് നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രളയത്തിന് കേരളം സാക്ഷ്യം വഹിച്ചത്. വിളനാശം അടക്കമുള്ള പ്രശ്നങ്ങൾ കൂടി പിന്നാലെ വന്നതോടെ വലിയ നാശമുണ്ടാക്കിയ പ്രളയം കർഷകരെ കൂടുതൽ തളർത്തി. കാർഷിക വായ്പകൾ ഇതുമൂലം തിരിച്ചടയ്ക്കാൻ അവർക്കായില്ല.
നാണ്യവിളകളുടെ വിലത്തകർച്ച കൂടിയായപ്പോൾ കർഷകർക്ക് തിരികെ സാധാരണ ജീവിതത്തിലേക്കു മടങ്ങാനും കഴിഞ്ഞിട്ടില്ല. ഡിസംബർ 31 വരെ കാർഷിക വായ്പകളുടെ മോറട്ടോറിയം നീട്ടിനൽകണമെന്നു സംസ്ഥാന സർക്കാരും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന ബാങ്കർമാരുടെ സമിതി ഈയാവശ്യം നിരസിച്ചു. റിസർവ് ബാങ്ക് നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. മറുപടിയും പ്രതീക്ഷിക്കുന്നു- ആർബിഐ ഗവർണർക്കയച്ച കത്തിൽ രാഹുൽ വിശദീകരിച്ചു.