കാറപകടം: രൂപ ഗാംഗുലിയുടെ മകൻ അറസ്റ്റിൽ
Friday, August 16, 2019 11:42 PM IST
കോൽക്കത്ത: അമിത വേഗത്തിൽ കാറോടിച്ച് റോയൽ കോൽക്കത്ത ഗോൾഫ് ക്ലബ്ബിന്റെ മതിലിടിച്ചു തകർത്ത കേസിൽ ബിജെപി എംപിയും നടിയുമായ രൂപ ഗാംഗുലിയുടെ മകൻ ആകാശ് മുഖർജി(21)യെ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ഗോൾഫ് ഗ്രീൻ മേഖലയിൽ വ്യാഴാഴ്ച രാത്രി 9.15 നാണു സംഭവം. ആകാശ് പരിക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആകാശ് മദ്യപിച്ചിട്ടുണ്ടായിരുന്നുവോ എന്നു പരിശോധിച്ചുവരികയാണെന്നും കാർ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു.
കാർ അമിത വേഗത്തിലായിരുന്നുവെന്നു സാക്ഷിമൊഴികളുണ്ട്. ആകാശിനെ ആലിപുർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നായിരുന്നു രൂപ ഗാംഗുലിയുടെ ആദ്യ പ്രതികരണം. എന്റെ വീടിനു സമീപം മകൻ വാഹനാപകടത്തിൽപെട്ടു. നിയമ നടപടിയെടുത്തതായി പോലീസ് പറഞ്ഞു. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാൻ എന്നെ വില്പനയ്ക്കു വച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ടാഡ് ചെയ്ത ട്വിറ്റർ സന്ദേശത്തിൽ രൂപ കുറിച്ചു.