അയോധ്യ കേസ്; കോടതി നടപടികൾക്കൊപ്പം മധ്യസ്ഥനീക്കങ്ങളും നടക്കട്ടെയെന്നു സുപ്രീംകോടതി
Thursday, September 19, 2019 12:16 AM IST
ന്യൂഡൽഹി: അയോധ്യ ഭൂമി തർക്കത്തിന്മേലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ കേസ് നടപടികൾക്കൊപ്പം തന്നെ സമാന്തരമായി മധ്യസ്ഥ നീക്കങ്ങളും നടക്കട്ടെയെന്നു സുപ്രീംകോടതി. കോടതിയിൽ നടക്കുന്ന തുടർവാദം ഒക്ടോബർ 18നു പൂർത്തിയാക്കുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അറിയിച്ചു. നവംബർ 17നു ചീഫ് ജസ്റ്റീസ് വിരമിക്കുന്നതിനു മുന്പ് കേസിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി നടത്തിയ ചർച്ചകൾ ഫലം കണ്ടില്ലെന്നു വ്യക്തമാക്കിയാണ് കഴിഞ്ഞ 25 ദിവസമായി അഞ്ചംഗ ബെഞ്ച് തുടർച്ചയായി വാദം കേൾക്കുന്നത്. എന്നാൽ, വാദത്തിനിടെ കക്ഷികളിൽ ചിലർ മധ്യസ്ഥ നീക്കത്തിന് ഇനിയും സാധ്യതയുണ്ടെന്നു അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ വാദം തുടരുന്നതിനൊപ്പം സമാന്തരമായി മധ്യസ്ഥ തല ചർച്ചകൾക്കും അനുമതി നൽകിയത്.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഇബ്രാഹിം ഖലിഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയുടെ നേതൃത്വത്തിൽ രഹസ്യമായി നടക്കുന്ന ചർച്ചകളിൽ എന്തെങ്കിലും ഫലം കണ്ടാൽ അക്കാര്യം വാദത്തിനിടെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. മധ്യസ്ഥ നീക്കം തുടരാൻ തയാറാണെന്ന് ജസ്റ്റീസ് ഖലീഫുള്ള സമിതിയും കോടതിയെ നിലപാട് അറിയിച്ചിരുന്നു.
അതേസമയം, വാദം കേൾക്കൽ പൂർത്തിയാക്കാനായി ആവശ്യമെങ്കിൽ ശനിയാഴ്ചകളിലും അധിക സമയത്തും കോടതി പ്രവർത്തിക്കുമെന്നു ചീഫ് ജസ്റ്റീസ് അറിയിച്ചു. കേസിൽ ഈ മാസം അവസാനത്തോടെ വാദം പൂർത്തിയാക്കാനാകുമെന്ന് സുന്നി വഖഫ് ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ അറിയിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ വാദം പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ മറ്റു കക്ഷികളുടെ വാദം നീളുകയാണെങ്കിൽ ഇതിനു മറുപടി പറയാൻ അധിക സമയം ആവശ്യം വരുമെന്ന് രാംലല്ല വിഭാഗം കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാദം പൂർത്തിയാക്കേണ്ട അന്തിമതീയതി സുപ്രീം കോടതി നിശ്ചയിച്ചത്.