അംഗത്വം ഡിജിറ്റലാക്കാൻ കോൺഗ്രസ്
Friday, October 11, 2019 12:52 AM IST
ന്യൂഡൽഹി: അംഗത്വ നടപടികൾ ഡിജിറ്റൽ മേഖലയിലും പ്രായോഗികമാക്കാൻ കോണ്‍ഗ്രസിലും നടപടി തുടങ്ങി. മെംബർഷിപ്പ് കാന്പയിനിന്റെ ഭാഗമായാണ് പുതിയ നടപടി. ഓണ്‍ലൈനിലൂടെ അംഗീകൃത അംഗത്വവും ഡിജിറ്റൽ ഡേറ്റാ ബാങ്കും ലക്ഷ്യമാക്കുന്ന പദ്ധതിക്കായി മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.
പരന്പരാഗതമായി അപേക്ഷ ഫോം പൂരിപ്പിച്ചാണ് കോണ്‍ഗ്രസിൽ മെംബർഷിപ്പ് കാന്പയിൻ നടത്തുന്നത്. ഇത്തവണ ഡിജിറ്റൽ രൂപത്തിലേക്കു കൂടി കടക്കാനാണ് പാർട്ടിയുടെ തീരുമാനം. തുടക്കത്തിൽ രണ്ട് രീതിയിലും മെംബർഷിപ്പ് നൽകുമെന്നും പിന്നീട് ഡിജിറ്റൽ രൂപത്തിലേക്കു പൂർണമായി മാറാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ഗോവ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തുടക്കമിടുമെന്നും പിന്നീട് രാജ്യവ്യാപകമാക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചു.