സമൂഹ മാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കൽ: ഹർജി തള്ളി
Tuesday, October 15, 2019 1:01 AM IST
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ ഹർജി സുപ്രീംകോടതി തള്ളി. ഇതേ ആവശ്യത്തിലുള്ള ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ആവശ്യക്കാരനു ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായയാണ് ഈ ആവശ്യത്തിൽ പുതിയ ഹർജി നൽകിയത്.
ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജിയിലെ നടപടികൾ മദ്രാസ് ഹൈക്കോടതിയിൽ നിന്നു സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്.
മദ്രാസ്, മുംബൈ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫേസ്ബുക്കാണ് ഹർജി നൽകിയത്.
സമൂഹ മാധ്യമങ്ങളിലുള്ള അശ്ലീലങ്ങളും അപകീർത്തിപരവുമായ ഘടകങ്ങൾ ഉൾപ്പെടുത്തുന്നത് നിയന്ത്രിക്കുന്നതിനും ഭീകരവാദ പ്രവർത്തനങ്ങൾ, വ്യാജ വാർത്ത തുടങ്ങിയവ കണ്ടെത്തുന്നതിനും അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം.