ബംഗ്ലാദേശ് പട്ടാളക്കാരന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാൻ മരിച്ചു
Friday, October 18, 2019 12:11 AM IST
കോൽക്കത്ത/ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തി സംരക്ഷണ സേനാംഗത്തിന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാൻ മരിച്ചു. കോൽക്കത്തയിൽ അന്താരാഷ്ട്ര അതിർത്തിയിൽ ഫ്ളാഗ് മീറ്റിംഗിനിടെ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) സേനാംഗം എകെ-47 തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. മറ്റൊരു ബിഎസ്എഫ് ജവാനും ആക്രമണത്തിൽ പരിക്കേറ്റു. കക്മരിചാറിലെ നദീതീരത്തുവച്ചാണ് ഹെഡ്കോണ്‍സ്റ്റബിൾ വിജയ് ഭാൻ സിംഗിനു വെടിയേറ്റത്.
സംഭവത്തെത്തുടർന്ന് ഇരുസേനകളുടെയും നേതൃത്വം ആശയവിനിയമം നടത്തി. ബിജിബി ഡയറക്ടർ ജനറൽ മേജർ ജനറൽ ഷഫീനുൽ ഇസ്ലാമിലെ ഹോട്ട്ലൈനിൽ വിളിച്ച ബിഎസ്എഫ് തലവൻ വി.കെ. ജോഹ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഒരു ദശകമായി ഇരു സൈന്യവും തമ്മിൽ ഒരുതരത്തിലുള്ള ഏറ്റുമുട്ടലും നടന്നിട്ടില്ലെന്നും ഇപ്പോഴത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.