കിലോയ്ക്ക് 25 രൂപയുള്ള ഉള്ളി വാങ്ങാൻ ക്യൂവിൽ നിന്നയാൾ കുഴഞ്ഞുവീണു മരിച്ചു
Tuesday, December 10, 2019 12:47 AM IST
അമരാവതി(ആന്ധ്രപ്രദേശ്): കിലോയ്ക്ക് 25 രൂപയുള്ള ഉള്ളി വാങ്ങാൻ ക്യൂ നിന്നയാൾ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലാണു സംഭവം. സാംബയ്യ(55) ആണു മരിച്ചത്. ആന്ധ്ര സർക്കാർ സബ്സിഡി നിരക്കിൽ കർഷക മാർക്കറ്റിൽ നല്കുന്ന ഉള്ളി വാങ്ങാനാണ് സാംബയ്യ എത്തിയത്.
ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു. സാംബയ്യയുടെ മരണം ടിഡിപി അംഗങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഉള്ളി വാങ്ങാൻ ക്യൂവിൽ നിന്ന ആൾ മരിച്ചിട്ടും സർക്കാർ പ്രസ്താവന ഇറക്കാത്തത് എന്തുകൊണ്ടാണെന്ന് ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു ചോദിച്ചു. ആന്ധ്രയിൽ ഇന്നലെ ചില്ലറവിപണിയിൽ ഉള്ളിവില110-160 രൂപയായിരുന്നു.