പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കർണാടക നടപടി തുടങ്ങി
Sunday, January 19, 2020 12:36 AM IST
ബംഗളൂരു: സംസ്ഥാനത്തു തീവ്രവാദം ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് സംഘടനയെ നിരോധിക്കാനുള്ള നടപടി കർണാടക സർക്കാർ തുടങ്ങി. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ശേഖരിക്കാൻ പോലീസ് ഉദ്യോഗസ്ഥരോടു നിർദേശിച്ചതായി സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഈ റിപ്പോർട്ട് കേന്ദ്രത്തിന് അയച്ചുകൊടുക്കും. എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒാഫ് ഇന്ത്യ)യും അന്വേഷണത്തിനു കീഴിൽ വരും: ബസവരാജ് പറഞ്ഞു.
കളിയിക്കാവിള ചെക് പോസ്റ്റിലെ എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു തീവ്രവാദികളെന്നു സംശയിക്കുന്ന ചിലർ ജനുവരി 14ന് ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്നു പിടിയിലായിരുന്നു. കോൺഗ്രസ് എംഎൽഎ തൻവീസ് സയീദിനെ കൊലപ്പെടുത്തിയ കേസും ചില സംഘടനാ നേതാക്കൾ കൊല്ലപ്പെട്ട കേസും ഉൾപ്പെടെയുള്ളവയിൽ പോപ്പുലർ ഫ്രണ്ടിനു പങ്കുണ്ടെന്നു ബസവരാജ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം സംഘടിപ്പിച്ചതിനു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടി ഉത്തർപ്രദേശിലും ശ്രമം തുടങ്ങിയിട്ടുണ്ടെന്നു ബസവരാജ് കൂട്ടിച്ചേർത്തു.