ട്രംപിന്റെ ഇന്ത്യാ സന്ദർശനം ഫെബ്രുവരി 24, 25 തീയതികളിൽ
Thursday, January 23, 2020 1:10 AM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം ഫെബ്രുവരി 24, 25 തീയതികളിലാകുമെന്നു സൂചന. പ്രസിഡന്റായശേഷം ട്രംപ് ആദ്യമാണ് ഇന്ത്യ സന്ദർശിക്കുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിൽ വാണിജ്യ വിഷയത്തിലുള്ള തർക്കങ്ങൾ മിക്കവാറും പരിഹരിച്ചു എന്നു സൂചനയുണ്ട്. കാര്യങ്ങൾ ഉദ്ദേശിക്കുന്നതുപോലെ മുന്നോട്ടുപോയാൽ ഒരു പ്രാരംഭ വാണിജ്യ പാക്കേജ് ട്രംപിന്റെ സന്ദർശനവേളയിൽ പ്രഖ്യാപിക്കാനാകും.
സന്ദർശനത്തിന്റ ക്രമീകരണങ്ങൾക്കായി യുഎസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആലീസ് വെൽസ് കഴിഞ്ഞയാഴ്ച ഇവിടെ വന്നിരുന്നു. ഈ ദിവസങ്ങളിൽ വേറെ ഓഫീസർമാരും വരും.
ഡൽഹിയിലോ മറ്റേതെങ്കിലും നഗരത്തിലോ “ഹൗഡി മോഡി’’ പോലെ ട്രംപിന് ജനങ്ങളുമായി ആശയവിനിമയം നടത്താൻ പറ്റുന്ന ഒരു ചടങ്ങും സന്ദർശനവേളയിൽ ഉദ്ദേശിക്കുന്നുണ്ട്.