ബിഹാറിൽ ഡൽഹിയിലേതുപോലെയുള്ള പ്രചാരണമാകരുത്: പാസ്വാൻ
Monday, February 17, 2020 12:36 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലേതുപോലുള്ള സംഭവങ്ങൾ അടുത്തവർഷമാദ്യം നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ഉണ്ടാകരുതെന്നു കേന്ദ്രമന്ത്രിയും എൻഡിഎ സഖ്യകക്ഷിയായ എൽജെപി നേതാവുമായ രാം വിലാസ് പാസ്വാൻ.
പ്രാദേശിക വികസന പ്രശ്നങ്ങളായിരിക്കണം തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയം. മാന്യമായ ഭാഷ നേതാക്കൾ കാത്തുസൂക്ഷിക്കണമെന്നും ബിജെപിയുടെ സഖ്യകക്ഷി നേതാവായ പാസ്വാൻ ആവശ്യപ്പെട്ടു. ഡൽഹി തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ വിദ്വേഷകരമായ പ്രസംഗത്തിന്റെ പേരിൽ ഏതാനും ബിജെപി നേതാക്കൾക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകിയ പശ്ചാത്തലത്തിലാണ് പാസ്വാന്റെ പ്രതികരണം. ബിഹാറിലെ പ്രതിപക്ഷം മുങ്ങാൻ പോകുന്ന കപ്പലാണെന്നും പസ്വാൻ പറഞ്ഞു. എൻഡിഎ ശക്തമാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ എൻഡിഎ മുന്നണി ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.