നിർഭയ: പ്രതി മാനസികരോഗത്തിനു ചികിത്സ ആവശ്യപ്പെട്ട് കോടതിയിൽ
Friday, February 21, 2020 12:04 AM IST
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി വിനയ് ശർമ മാനസിക രോഗത്തിനു വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തിഹാർ ജയിലിനുള്ളിൽ തല സ്വയം ചുമരിലിടിപ്പിച്ച് പരിക്കേൽപ്പിച്ചെന്നും അതിനാൽ മാനസിക രോഗത്തിനു ചികിത്സ നൽകണമെന്നുമാണ് അഭിഭാഷകനായ എ.പി. സിംഗ് മുഖേനെ ആവശ്യപ്പെട്ടത്. കേസ് പരിഗണിച്ച പട്യാല ഹൗസ് അഡീഷണൽ സെഷൻസ് ജഡ്ജി ധർമ്മേന്ദർ റാണ തിഹാർ ജയിലധികൃതരുടെ റിപ്പോർട്ട് തേടി.
ഞായറാഴ്ച വൈകുന്നേരമാണ് വിനയ് ശർമ ജയിലിൽ സ്വയം തല ചുമരിലിടിപ്പിച്ച് പരിക്കേൽപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ജയിൽ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ ഇയാളെ പിന്തിരിപ്പിച്ചെന്നും ജയിൽ അധികൃതർക്കു വേണ്ടി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. എന്നാൽ, വിനയ് ശർമയ്ക്ക് സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണെന്നും ഇയാൾക്ക് സ്കിസോഫ്രീനിയ എന്ന മാനസിക രോഗം ബാധിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. അതിനാൽ, വിനയ് ശർമയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിപ്പിക്കണമെന്നും എ.പി. സിംഗ് ആവശ്യപ്പെട്ടു.
കേസ് ശനിയാഴ്ച വീണ്ടും പരിഗണിക്കും. നിർഭയ കേസിൽ മാർച്ച് മൂന്നിനു നാലു പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുന്നതിനായി ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാർച്ച് മൂന്നിന് രാവിലെ ആറിനു ശിക്ഷ നടപ്പിലാക്കാനാണ് അഡീഷണൽ സെഷൻസ് ജഡ്ജി ധർമ്മേന്ദർ റാണ ഉത്തരവിട്ടിരുന്നത്. ഇതു മൂന്നാം തവണയാണ് പട്യാലഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. ജനുവരി 22നും ഫെബ്രുവരി ഒന്നിനും ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും പ്രതികൾ ദയാഹർജി അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോയതിനാൽ മരണവാറണ്ട് സ്റ്റേ ചെയ്യുകയായിരുന്നു.