ഹിന്ദി അറിയാത്ത ഇന്ത്യക്കാരിയോ? കനിമൊഴിയോട് സിഐഎസ്എഫ് ഉദ്യോഗസ്ഥ
Monday, August 10, 2020 12:49 AM IST
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഹിന്ദിയുടെ പേരിലുള്ള അനുഭവം പങ്കുവച്ച് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ട കനിമൊഴിയോട് ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ എന്ന് സിഐഎസ്എഫ്കാർ തിരിച്ചുചോദിച്ചതാണ് ചർച്ചകൾക്കു തുടക്കമിട്ടത്.
ഇന്ത്യക്കാരെന്നാൽ ഹിന്ദി അറിയുന്നവരെന്ന് എന്നുമുതലാണ് കണക്കാക്കിത്തുടങ്ങിയതെന്ന് ട്വിറ്ററിലൂടെ കനിമൊഴി സംശയം പ്രകടിപ്പിക്കുകയായിരുന്നു.
ഹിന്ദി ഇംപോസിഷൻ എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് പെട്ടെന്ന് വൈറലായി.
വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് ഉടൻ ട്വിറ്ററിലൂടെ മറുപടി പറയുകയും ചെയ്തു. യാത്രാവിവരങ്ങളും തീയതിയും ഉൾപ്പെടെ നൽകിയാൽ ഉടൻ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാമെന്നായിരുന്നു സിഐഎസ്എഫ് വാഗ്ദാനം.