സുശാന്തിനായി റിയ സഹോദരൻ വഴി ലഹരിമരുന്ന് എത്തിച്ചെന്ന് എൻസിബി
Saturday, September 26, 2020 1:10 AM IST
മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിനായി റിയാ ചക്രവർത്തി സഹോദരൻ ഷോവിക് വഴി ലഹരിമരുന്ന് എത്തിച്ചിരുന്നതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു.
ലഹരിമരുന്ന് സംഘത്തിനു സുശാന്ത് സിംഗുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽനിന്നു തെളിഞ്ഞതായും എൻസിബി അറിയിച്ചു. ലഹരിമരുന്ന് കടത്തുകാരൻ ബാസിത് പരിഹാറിനെ ചോദ്യംചെയ്തപ്പോഴാണ് കേസിൽ ഷോവിക്കിന്റെ പങ്ക് വെളിപ്പെട്ടത്. ഷോവിക്കിനു കഞ്ചാവ് നൽകിയിട്ടുണ്ടെന്നു ബാസിത് സമ്മതിച്ചിട്ടുണ്ട്.
ബാസിത്, കൈസാൻ ഇബ്രാഹിം എന്നിവരിൽനിന്ന് കഞ്ചാവ് വാങ്ങി, സുശാന്തിനായി സഹോദരി റിയയ്ക്കു നൽകിയിട്ടുണ്ടെന്ന് ഷോവിക് മൊഴി നൽകി. റിയയുടെ കൈയിൽനിന്ന് ഇവ വാങ്ങി, മാനേജർ സമുവൽ മിരാൻഡയും പാചക്കാരൻ ദിപേഷ് സാവന്തുമാണ് സുശാന്തിന് ഉപയോഗിക്കാൻ പാകത്തിനു നൽകിയിരുന്നതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. ഇഡിക്കു ചില വാട്ട്സ്ആപ് ചാറ്റുകളിൽ തോന്നിയ സംശയമാണ് എൻസിബി അന്വേഷണത്തിലേക്ക് എത്തിച്ചത്.