ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമെന്നു കോണ്‍ഗ്രസ്
Thursday, October 1, 2020 12:40 AM IST
ന്യൂഡൽഹി: സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്ക്കും വിരുദ്ധമാണു ബാബറി മസ്ജിദ് കേസിലെ പ്രത്യേക കോടതി വിധിയെന്നു കോണ്‍ഗ്രസ്. കേന്ദ്രസർക്കാരിനോടും യുപി സർക്കാരിനോടും ഇതിനെതിരേ അപ്പീൽ നൽകാൻ ഭരണഘടനയിൽ വിശ്വാസമുള്ള ഓരോ പൗരനും ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല നിർദേശിച്ചു.
ബാബറി മസ്ജിദ് പൊളിച്ചതു നിയമവാഴ്ചയുടെ ലംഘനമാണെന്നു കഴിഞ്ഞ നവംബർ ഒന്‍പതിന് സുപ്രീംകോടതി വിധിയെഴുതിയിരുന്നു. എന്നിട്ടും കൃത്യത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് പ്രത്യേക കോടതി വിധിച്ചത്. കേസിലെ 32 പ്രതികളെയും വെറുതെ വിട്ട ലക്നോയിലെ പ്രത്യേക കോടതിയുടെ തീരുമാനം രാജ്യത്തെ പരമോന്നത കോടതി വിധിക്കു കടകവിരുദ്ധമാണ്. 1992 ഡിസംബർ രണ്ടിന് മോസ്ക് തകർത്തതു സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവിന്റെയും കോടതിയിൽ നൽകിയ ഉറപ്പിന്റെയും ലംഘനമാണെന്ന് കോടതി വിധി ഉദ്ധരിച്ച് സുർജേവാല ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ