കാഷ്മീരിൽ ഇനി ആർക്കും ഭൂമി വാങ്ങാം
Wednesday, October 28, 2020 12:27 AM IST
ശ്രീനഗർ: മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ഇനി കാഷ്മീരിൽ സ്വന്തം പേരിൽ ഭൂമി വാങ്ങാം. കാഷ്മീരിലെ 26 നിയമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്. 2019 ഓഗസ്റ്റ് അഞ്ചിനു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്നാണു നിയമങ്ങളിൽ മാറ്റം വരുത്തിയത്. മുന്പ് കാഷ്മീർ നിവാസികളല്ലാത്തവർക്ക് സംസ്ഥാനത്ത് ഭൂമി വാങ്ങാൻ കഴിയില്ലായിരുന്നു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിങ്ങനെയുള്ള കാർഷികേതര ആവശ്യങ്ങൾക്കു കൃഷിഭൂമി ഉപയോഗിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ അനുമതി നല്കുന്നു.
നിയമഭേദഗതിക്കെതിരെ നാഷണൽ കോൺഫറൻസും മെഹ്ബൂബ മുഫ്തിയും രംഗത്തെത്തി. ഭൂനിയമഭേദഗതി സ്വീകാര്യമല്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു.