നടി കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചത് നിയമവിരുദ്ധം: കോടതി
Saturday, November 28, 2020 12:20 AM IST
മുംബൈ: ഹിന്ദി സിനിമാ നടി കങ്കണ റണൗട്ടിന്റെ ബംഗ്ലാവിന്റെ ഒരുഭാഗം പൊളിച്ചുകളഞ്ഞ മുംബൈ മുനിസിപ്പൽ കോർപറേഷന്റെ നടപടി നിയമവിരുദ്ധമാണെന്നു ബോംബെ ഹൈക്കോടതി. നടിക്കു നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
അതേസമയം, നിയമവിരുദ്ധ നിർമാണം ശരിവയ്ക്കുകയല്ല കോടതി ചെയ്യുന്നതെന്നും ജസ്റ്റീസുമാരായ എസ്.ജെ. കത്വാലയും ആർ.ഐ. ചഗ്ലയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
അനധികൃത നിർമാണം ചൂണ്ടിക്കാട്ടി ബ്രിഹാൻ മുംബൈ കോർപറേഷൻ പാലി ഹിൽസിലെ ബംഗ്ലാവിന്റെ ഒരു ഭാഗം സെപ്റ്റംബർ ഒന്പതിനു പൊളിച്ചുകളഞ്ഞത് നിയമവിരുദ്ധമാണെന്നു വാദിച്ചു നടി നല്കിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അധികൃതർ പൗരന്മാരുടെ നേർക്കു മസിൽപവർ പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ബംഗ്ലാവിന്റെ ഒരു ഭാഗം ഇടിച്ചുപൊളിച്ചുകളഞ്ഞതിൽ ദുരുദ്ദേശ്യമുണ്ട്.
അതേസമയം പൗരന്മാർ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെ കോടതി അംഗീകരിക്കുകയല്ല ചെയ്യുന്നതെന്നും കെട്ടിടം പൊളിക്കലിലേക്കു നയിച്ച നടിയുടെ ട്വീറ്റ് സന്ദേശങ്ങളെ അംഗീകരിക്കുന്നില്ലെന്നും ബോംബെ ഹൈക്കോടതി. വ്യക്തമാക്കി.