കോവിഡ് വാക്സിൻ പരീക്ഷണം അന്തിമ ഘട്ടത്തിൽ: ഡൽഹി എയിംസ് ഡയറക്ടർ
Friday, December 4, 2020 12:05 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ. ഡിസംബർ അവസാനമോ ജനുവരി ആദ്യമോ കോവിഡ് വാക്സിൻ ജനങ്ങൾക്ക് എത്തിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. വാക്സിൻ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിയന്തര അനുമതി ബന്ധപ്പെട്ട സർക്കാർ ഏജൻസികളിൽ നിന്ന് ആഴ്ചകൾക്കകം തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
പരീക്ഷണം നടക്കുന്ന വാക്സിനുകൾ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന കാര്യത്തിൽ ആവശ്യത്തിനു തെളിവുകൾ ലഭ്യമാണ്. രാജ്യത്തെ എണ്‍പതിനായിരത്തോളം പേരിൽ വാക്സിൻ പരീക്ഷണം നടത്തിയിട്ടുണ്ട്. ആരിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ സാധിച്ചില്ല.
നിലവിൽ ഓക്സ്ഫെഡിന്റെ കോവിഷീൽഡ് വാക്സിനും റഷ്യയുടെ സ്പുട്നിക് വിയും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിനും ട്രയൽ ഘട്ടത്തിലാണ്. ഓക്സ്ഫെഡ് വാക്സിനെതിരേ ചെന്നൈ സ്വദേശി ഉയർത്തിയ ആരോപണം വസ്തുതാപരമല്ല. വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നില്ല അത്. വലിയ തോതിൽ വാക്സിൻ പരീക്ഷണം നടത്തുന്പോൾ ചിലർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. അതു വാക്സിനുമായി ബന്ധപ്പെട്ടതാണെന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൂസ്റ്റർ ഡോസ് നൽകിക്കഴിഞ്ഞാൽ ശരീരത്തിൽ ആന്റിബോഡി വലിയ തോതിൽ ഉത്പാദിപ്പിക്കപ്പെടും. ഇത് ഏതാനും മാസങ്ങളോളം നിലനിൽക്കും. തുടക്കത്തിൽ രാജ്യത്ത് എല്ലാവർക്കും നൽകുന്നതിനുള്ള വാക്സിൻ ലഭ്യമാകില്ല. അതുകൊണ്ടാണ് മുൻഗണന പട്ടിക തയാറാക്കുന്നത്. പ്രായമുള്ളവർ, രോഗബാധിതർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കാകും ആദ്യഘട്ടത്തിൽ വിതരണം നടത്തുകയെന്നും ഗുലേറിയ വിശദമാക്കി.
അതേസമയം, കോവിഡ് വാക്സിന്റെ വ്യാപകമായ പരീക്ഷണങ്ങൾക്കിടയിൽ വ്യാജ വാക്സിനുകളും വിപണികളിലെത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഇന്റർപോൾ രംഗത്തെത്തി. ഇന്റർനെറ്റ് വഴിയും അല്ലാതെയും വ്യാജ വാക്സിനുകളുടെ പരസ്യം നൽകാനും വിൽക്കാനും ഇടയുണ്ടെന്നും 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കു നൽകിയ നോട്ടീസിൽ ഇന്റർപോൾ പറയുന്നു. കോവിഡ് വാക്സിനുകളുടെ അനധികൃത പരസ്യങ്ങൾ, കൃത്രിമം കാണിക്കൽ, മോഷണം തുടങ്ങിയവ തടയാൻ തയാറെടുക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.