കോൺഗ്രസ് സഖ്യം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് കുമാരസ്വാമി
Sunday, December 6, 2020 1:01 AM IST
ബംഗളൂരു: കോൺഗ്രസുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചതിലൂടെ ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചു നേടിയെടുത്ത വിശ്വാസ്യത നഷ്ടമായതായി കർണാടക മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ ഗൂഢാലോചനയിലൂടെ താൻ കെണിയിൽ അകപ്പെടുകയായിരുന്നു.
ബിജെപി പോലും അത്രയും വലിയ ചതി ചെയ്തിട്ടില്ല. ബിജെപിയുടെ ബി ടീം എന്ന് ആരോപിച്ചിരുന്ന കോൺഗ്രസുമായി കൂട്ടുചേരാൻ താത്പര്യമില്ലായിരുന്നു. എന്നാൽ പാർട്ടി അധ്യക്ഷൻ ദേവഗൗഡ നിർബന്ധിച്ചതോടെ സഖ്യസർക്കാരിനു സമ്മതിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ദേവഗൗഡയെ കുറ്റപ്പെടുത്തില്ല. എക്കാലവും മതേതരനിലപാട് കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിരുന്നയാളാണ് അദ്ദേഹമെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം കുമാരസ്വാമിയുടെ ആരോപണം സിദ്ധരാമയ്യ തള്ളിക്കളഞ്ഞു. നുണ പറയുന്നതിൽ മിടുക്കനാണു കുമാരസ്വാമി. കണ്ണീർപൊഴിക്കുന്നതു കുടുംബപാരന്പര്യമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.