സമരമുഖത്തെ ക്ഷീണം തീർക്കാൻ ട്രാക്ടറിൽ ഡിജെ ഒരുക്കി കർഷകർ
Sunday, December 6, 2020 1:01 AM IST
ന്യൂഡൽഹി: ചെവി തുളച്ചും നെഞ്ചിടിപ്പിച്ചും കേൾക്കുന്ന പഞ്ചാബി തട്ടുപൊളിപ്പൻ ഗാനങ്ങളുടെ മേളമാണ് കർഷകർ സമരം ഇരിക്കുന്ന ഡൽഹി-ഹരിയാന അതിർത്തിയായ സിംഗുവിൽ. ഡിജെ ഡാൻസ് വേദിയാക്കി മാറ്റിയ ട്രാക്ടറിന് ചുറ്റും താളം പിടിച്ചും ചുവടു വച്ചും തണുപ്പും മടുപ്പും അകറ്റി പ്രായഭേദം മറന്നു കർഷകർ രാത്രികൾ ചെലവഴിക്കുന്നു. ഡിജെ സിസ്റ്റം വച്ച് തയാറാക്കിയ ട്രാക്ടറിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസമായി ഞങ്ങൾക്ക് നേരംപോക്കിനായി വലിയ ഉപാധികളൊന്നുമുണ്ടായിരുന്നില്ല. പുതിയ വഴി തേടിയപ്പോഴാണ് ഇത്തരമൊരു ആശയം മനസിൽ ഉദിച്ചത്. തൊട്ടു പിന്നാലെ ഒരു ട്രാക്ടർ ഇത്തരത്തിൽ മാറ്റിയെടുക്കുകയായിരുന്നുവെന്ന് ഒരു യുവ കർഷകൻ പറഞ്ഞു. നീലയും ചുവപ്പും ലൈറ്റുകളും സൗണ്ട് സിസ്റ്റവും മറ്റും ഘടിപ്പിച്ച ട്രാക്ടറിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡിജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന കർഷകരുടെ ചിത്രങ്ങളും വലിയ തോതിൽ പ്രചരിക്കുന്നു.
കർഷക സമരം പത്താം ദിവസം പിന്നിടുന്പോൾ ഡൽഹിയുടെ അഞ്ച് അതിർത്തികളിൽ സർവ സജ്ജീകരണങ്ങളുമായാണു കർഷകർ തന്പടിപ്പിച്ചിരിക്കുന്നത്. ഒരു വർഷം വരെ ഇവിടെ തന്പടിച്ചു സമരം ചെയ്യാനുള്ള ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ തങ്ങൾ സംഭരിച്ചിട്ടുണ്ടെന്നു കർഷകർ പറഞ്ഞു. പച്ചക്കറിയും മറ്റു ഭക്ഷ്യ വസ്തുക്കളും ആവശ്യത്തിലധികം സംഭരിച്ചിരിക്കുന്നതിനാൽ സംഭാവന നൽകാൻ എത്തുന്നവരെ വിലക്കുകയാണെന്നും ലംഗാറിന്റെ ചുമതല വഹിക്കുന്ന കർഷകരും പറഞ്ഞു.
സമരത്തിന് പിന്തുണ പ്രഖ്യപിച്ച് സിക്ക് സമുദായത്തിലെ സായുധ വിഭാഗമായ നിഹാംഗുകളും കുതിരപ്പുറത്തേറിയും വാളേന്തിയും എത്തിയിട്ടുണ്ട്.