കർണാടകയിൽ ഏഴു മന്ത്രിമാർ അധികാരമേറ്റു; ബിജെപിയിൽ അമർഷം
Thursday, January 14, 2021 12:01 AM IST
ബംഗളൂരു: കർണാടകയിൽ ഏഴു പുതിയ മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉമേഷ് കട്ടി, എസ്. അംഗാര, മുരുഗേഷ് നിരാനി, അരവിന്ദദ് ലിംബാവലി, ആർ. ശങ്കർ, എം.ടി.ബി. നാഗരാജ്, സി.പി. യോഗേശ്വർ എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.
2019 ജൂലൈയിൽ അധികാരമേറ്റ യെദിയൂരപ്പ മൂന്നാം തവണയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. 17 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്നാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായത്.
മന്ത്രിസഭാ പുനഃസംഘടനയിൽ ബിജെപിയിൽ അമർഷം പുകയുകയാണ്. ഭീഷണിക്കു വഴങ്ങിയാണ് മുഖ്യമന്ത്രി യെദിയൂരപ്പ മന്ത്രിസ്ഥാനങ്ങൾ നല്കുന്നതെന്നു ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യാത്നൽ കുറ്റപ്പെടുത്തി. യെദിയൂരപ്പയുടെ നിശിത വിമർശകനാണ് യാത്നൽ.
ജെഡി-എസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽസി എ.എച്ച്. വിശ്വനാഥ്, യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.പി. രേണുകാചാര്യ, ജി.എച്ച്. തിപ്പറെഡ്ഢി, എസ്.എ. രാംദാസ്, സതീഷ് റെഡ്ഢി എന്നീ നേതാക്കളും അതൃപ്തി പരസ്യമാക്കി.