കോവിഡ് വാക്സിൻ കോളർ ട്യൂൺ: അമിതാഭ് ബച്ചന്റെ ശബ്ദം നീക്കി
Sunday, January 17, 2021 12:23 AM IST
ന്യൂഡൽഹി: കോവിഡ് വാക്സിനുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന മൊബൈൽ കോളർ ട്യൂണിൽനിന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ശബ്ദം നീക്കി. പകരം ഒരു വനിതയുടെ ശബ്ദമാണ് ഇനി കേൾക്കുക. ""... കോവിഡ് വാക്സിന്റെ രൂപത്തിൽ പുതുവർഷം നമുക്കു നല്കുന്നതു പ്രത്യാശയുടെ നവകിരണങ്ങളാണ്.
ഇന്ത്യയിൽ നിർമിച്ച ഈ വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധശേഷിയുള്ളതുമാണ്. വാക്സിനിൽ വിശ്വസിക്കൂ, വ്യാജപ്രചാരണങ്ങളിൽ വീഴാതിരിക്കൂ...'' എന്ന സന്ദേശത്തോടെയാണ് ശബ്ദരേഖ അവസാനിക്കുന്നത്. ചുമയ്ക്കുന്ന ശബ്ദത്തോടെ കോവിഡ് ബോധവത്കരണ സന്ദേശം നേരത്തേ നല്കിയിരുന്നത് അമിതാഭ് ബച്ചനായിരുന്നു. ബച്ചനും കുടുംബത്തിനും കോവിഡ് വന്നിട്ടും കോളർ ട്യൂണിൽനിന്നു ശബ്ദം നീക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്കിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.