മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതം: ചെന്നിത്തല
Monday, January 18, 2021 12:31 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡൽഹിയിലെത്തിയതാണ് രമേശ് ചെന്നിത്തല.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. നിയമസഭാതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം കൂടി കേന്ദ്ര നേതൃത്വം ചർച്ച ചെയ്യും.
മികച്ച പ്രവർത്തനം നടത്താത്ത ഡിസിസികളിൽ അഴിച്ചുപണി വേണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം. എന്നാൽ, കൂടുതൽ ഡിസിസി അധ്യക്ഷന്മാരെ മാറ്റിയാൽ പ്രതികൂല ഫലം ഉണ്ടാകുമെന്നാണ് മറ്റു നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരള വിഷയം കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇന്നു ചർച്ച ചെയ്യുക.
തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. യുഡിഎഫ് ഒറ്റക്കെട്ടാണ്. അധികാരത്തിലെത്തിയാൽ ഉമ്മൻ ചാണ്ടിക്ക് ഒരു ടേം എന്നത് മാധ്യമങ്ങളുടെ മാത്രം പ്രചാരണമാണെന്നും ചെന്നിത്തല പറഞ്ഞു.