ഫാ. സ്റ്റാൻ സ്വാമി തടങ്കലിൽ 100 ദിവസം
Tuesday, January 26, 2021 1:38 AM IST
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്ത വയോധികനായ ജെസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ നൂറു ദിവസം തടവു പിന്നിട്ടിട്ടും മോചനം അകലെ. പാർക്കിൻസണ്‍സ് രോഗബാധിതനും ക്ഷീണിതനുമായിട്ടും 83 വയസു കഴിഞ്ഞ ഫാ. സ്റ്റാൻ സ്വാമിയുടെ പരാതികളെല്ലാം സഹതടവുകാരുടെ ദയനീയവസ്ഥയെക്കുറിച്ചു മാത്രം.
"കൂട്ടിലടച്ചാലും ഒരു പക്ഷിക്കു പാടാൻ കഴിയും’. സുഹൃത്തുക്കൾക്കും മനുഷ്യാവകാശ സംഘടനകൾക്കും പിന്തുണ നൽകിയവർക്കുമായി ജയിലിൽ നിന്ന് എഴുതിയ കത്തിൽ ഫാ. സ്റ്റാൻ സ്വാമി ഓർമിപ്പിച്ചു. കൈ വിറയ്ക്കാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ കഴിയാത്ത അദ്ദേഹം വളരെ ബുദ്ധിമുട്ടി സ്വന്തം കൈപ്പടയിലാണു കഴിഞ്ഞ 22ന് കത്തയച്ചത്. സഹതടവുകാരുടെ സഹായത്തെക്കുറിച്ചു പറയാനായി രണ്ടു കത്തുകൾ നേരത്തെ ഈശോസഭാംഗങ്ങളായ ചില സഹപ്രവർത്തകർക്ക് ഇദ്ദേഹം അയച്ചിരുന്നു.
ജോർജ് കള്ളിവയലിൽ