കാഷ്മീരിൽ നാലു ഭീകരരെ വധിച്ചു
Monday, April 12, 2021 1:09 AM IST
ശ്രീനഗർ: കാഷ്മീരിൽ ലഷ്കർ-ഇ-തൊയ്ബ, അൽ ബദർ സംഘടനകളിൽപ്പെട്ട നാലു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. അനന്ത്നാഗ്, ഷോപിയാൻ ജില്ലകളിലായിരുന്നു ഏറ്റുമുട്ടൽ.
അനന്ത്നാഗിൽ ലഷ്കർ ഭീകരരായ അഹമ്മദ് ഭട്ട്, ആമിർ ഹുസൈൻ ഗാനി എന്നിവരാണു കൊല്ലപ്പെട്ടത്. ബിജ്ബെഹാര സ്വദേശികളാണിവർ. സേംതാൻ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഇരുവരും കൂട്ടാക്കിയില്ല. ടെറിട്ടോറിയൽ ആർമി ജവാൻ മുഹമ്മദ് സലിം അഖ്നൂണിനെ കഴിഞ്ഞ വെള്ളിയാഴ്ച വെടിവച്ചു കൊന്ന കേസിൽ പ്രതികളാണ് അഹമ്മദ് ഭട്ടും ഹുസൈൻ ഗാനിയും. സിആർപിഎഫ് ജവാനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്.
ഏറ്റുമുട്ടൽ പ്രദേശത്ത് അകപ്പെട്ടുപോയ നാട്ടുകാരെ രക്ഷപ്പെടുത്താനായി സുരക്ഷാസേന സൈനികനീക്കം നിർത്തിവച്ചിരുന്നു. ഇന്നലെ വെളുപ്പിനു വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ച് രണ്ടു ഭീകരരെയും വധിച്ചു. രണ്ട് എകെ റൈഫിളുകൾ ഏറ്റുമുട്ടൽസ്ഥലത്തുനിന്നു കണ്ടെടുത്തു.
ഷോപിയാനിൽ ആസിഫ് അഹമ്മദ് ഗനായി, ഫൈസൽ ഗുൽസാർ ഗനായി എന്നിവരെയാണ് ഇന്നലെ സൈന്യം വധിച്ചത്. മറ്റൊരു ഭീകരനെ ശനിയാഴ്ച വധിച്ചിരുന്നു.
ചിത്രഗാം കലാൻ സ്വദേശിയായ ഫൈസൽ അടുത്തകാലത്താണ് ഭീകരസംഘടനയിൽ ചേർന്നത്. കീഴടങ്ങാൻ ഫൈസലിനോട് മാതാപിതാക്കൾ അഭ്യർഥിച്ചെങ്കിലും മറ്റു ഭീകരർ സമ്മതിച്ചില്ലെന്നു കാഷ്മീർ ഐജി വിജയ്കുമാർ പറഞ്ഞു.