ഹൈദരാബാദിൽ എട്ടു സിംഹങ്ങൾക്കു കോവിഡ്
Wednesday, May 5, 2021 12:06 AM IST
ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി സിംഹങ്ങൾക്കു കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിലെ എട്ടു സിംഹങ്ങൾക്കാണു രോഗബാധ സ്ഥിരീകരിച്ചത്. സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിഎസ്ഐആർ)യിൽ സിംഹങ്ങളുടെ സ്രവങ്ങൾ പരിശോധിച്ചതിൽനിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഉപദേഷ്ടാവ് രാകേഷ് മിശ്ര അറിയിച്ചു.
സിംഹങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. മൃഗശാലയിലെ ജോലിക്കാരിൽനിന്നാവാം സിംഹങ്ങൾക്കു രോഗം ബാധിച്ചതെന്നും നിലവിൽ ഇവയുടെ ആരോഗ്യസ്ഥിതി സുരക്ഷിതമാണെന്നും മിശ്ര പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്തെ മൃഗശാലകളും വന്യമൃഗകേന്ദ്രങ്ങളും അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. സന്ദർശകരെയും അനുവദിക്കുന്നില്ല.