ജിതിൻ പ്രസാദ പോകുന്നതു കോൺഗ്രസിന് കനത്ത ആഘാതം
Thursday, June 10, 2021 1:18 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലെ പ്രബലർ പാർട്ടി വിട്ടു ബിജെപിയിൽ ചേരുന്നതു കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും കനത്ത ആഘാതമായി. 2019ൽ ജിതിൻ പ്രസാദ കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചിരുന്നു. സൂചന പോലും നൽകാതെ ജിതിൻ പാർട്ടി വിട്ടതു കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു.
മുതിർന്ന നേതാക്കൾ പലരും മൗനം പാലിച്ചപ്പോൾ യുപി, ചണ്ഡിഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ പാർട്ടിവിട്ടു പോയതിനു ജിതിനു നന്ദി പറഞ്ഞു. ദേശീയതലത്തിലും യുപിയിലും കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണു ബിജെപിയിലേക്കു മാറാൻ ജിതിനെ പ്രേരിപ്പിച്ചതെന്ന് അനുയായികൾ വിശദീകരിച്ചു.
എഐസിസി അധ്യക്ഷപദവയിലേക്ക് 2000ൽ സോണിയാ ഗാന്ധിക്കെതിരേ മൽസരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജിതേന്ദ്ര പ്രസാദിന്റെ മകനാണ് ജിതിൻ. രണ്ടു തവണ കോണ്‍ഗ്രസ് ടിക്കറ്റിൽ ലോക്സഭാംമായ ജിതിൻ, മൻമോഹൻ സിംഗ് മന്ത്രിസഭയിൽ അംഗവുമായി. കഴിഞ്ഞ തവണ ബിജെപിയോടു തോറ്റു. രാഹുലിന്റെയും പ്രിയങ്ക ഗാന്ധി വദ്രയുടെയും വിശ്വസ്തനായിരുന്ന ഇദ്ദേഹം ഡൂണ്‍ സ്കൂളിലാണു പഠിച്ചത്.