കടത്തുവള്ളങ്ങൾക്ക് രജിസ്ട്രേഷൻ; ബില്ല് വർഷകാല സമ്മേളനത്തിൽ
Saturday, June 19, 2021 12:34 AM IST
ന്യൂഡൽഹി: കടത്തുവള്ളങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന വ്യവസ്ഥകൾ ഉൾപ്പടെയുള്ള ബില്ല് വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയതായി മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം അറിയിച്ചു.
രാജ്യത്തെ ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. ഇതോടെ 1917 ലെ ഉൾനാടൻ ജലവാഹന നിയമം ഇല്ലാതാകും. രാജ്യത്തൊട്ടാകെ ഉൾനാടൻ ജലഗതാഗതത്തിന് ഏക നിയമമായിരിക്കും പുതിയ ബിൽ പാസാകുന്നതോടെ വരിക.
യന്ത്രവത്കൃത യാനങ്ങൾക്കെല്ലാം രജിസ്ട്രേഷൻ നിർബന്ധമാണ്. എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങൾക്കും മറ്റും അതത് തദ്ദേശ സ്ഥാപനങ്ങളിലോ ജില്ലകളിലോ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ഒരിടത്തെ രജിസ്ട്രേഷൻ ഇന്ത്യ മുഴുവൻ ബാധകമായിരിക്കും. ഏതെങ്കിലും ഒരു സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത ജലവാഹനം അടുത്ത സംസ്ഥാനത്തിന്റെ പരിധിയിലേക്കു കടക്കുന്പോൾ പ്രത്യേക അനുമതി വാങ്ങുകയോ രജിസ്ട്രേഷൻ നടത്തുകയോ വേണ്ടിവരില്ല.