റോബിൻ വടക്കുംചേരിയുടെ ജാമ്യത്തിനായി ഇര സുപ്രീംകോടതിയിൽ
Sunday, August 1, 2021 12:39 AM IST
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന റോബിൻ വടക്കുംചേരിക്കു ജാമ്യം നൽകണമെന്ന ആവശ്യവുമായി കേസിലെ ഇര സുപ്രീംകോടതിയിൽ. റോബിനെ വിവാഹം കഴിക്കണമെന്നും ഇതിനായി ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്നും അവർ ഹർജിയിൽ പറയുന്നു. ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
അഭിഭാഷകനായ അലക്സ് ജോസഫ് മുഖേനയാണു ഹർജി സമർപ്പിച്ചത്. കുട്ടിയെ സ്കൂളിൽ ചേർക്കാനുള്ള അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തണമെന്നും അതിനാൽ വിവാഹം അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു.